Saturday, December 19, 2009

സന്ധി

പെട്ടന്നൊരുനാൾ പ്രജ്ഞ തെളിഞ്ഞു

മുട്ടിവിളിച്ചു ഹ്രുദയത്തിൽ

എന്തെങ്കിലുമൊന്നെഴുതാതായി-

-ട്ടേറേനാളൂകഴിഞ്ഞില്ലേ

ഗാഡതമസ്സിൻ നിദ്ര വെടിഞ്ഞി

ട്ടുണരു കാണൂ ലോകത്തെ

എഴുതണമെന്നുണ്ടെന്തോ പക്ഷെ

കൈകൾ പാടേ തളരുന്നൂ

മധുരം പാടണമെന്നുണ്ടെന്നാൽ

പാട്ടിൻ പല്ലവിയോർപ്പീല

കേഴണമെന്നുണ്ടലറിക്കൊണ്ടേ

ശബ്ദം തൊണ്ട കുടുങ്ങുന്നു

ആരോ കെട്ടിവരിഞ്ഞുമുറുക്കി

എന്നുടെ ചോദനയപ്പാ‍ടേ

അതിനാലതിനാലെന്നുടെ പ്രജ്ഞേ

വീണ്ടുമുറങ്ങിക്കൊള്ളൂ നീ!

Sunday, July 26, 2009

പരിഷ്കാരം

വ്രുത്തികെട്ട ശരീരത്തെ
വ്രുത്തിയാക്കി നിരന്തരം
പട്ടുചുറ്റി നടന്നെന്നാൽ
പരിഷ്കാരമതിന്നു പേർ

Saturday, July 25, 2009

കുമ്പസാരം

ചെയ്തുകൂട്ടുന്നോരനര്‍ത്ഥത്തിനാഘാത-
മെത്രയ്യാണെന്നൊന്നറിഞ്ഞുകൂടാ
കുറ്റക്രിത്യങ്ങളും ക്രിത്യ വിലോപവും
വേട്ടയാടുന്നെന്നെ നിദ്രയിലും
എത്രമേല്‍ പൂഴ്ത്തിഞാനോര്‍ത്തുവച്ചീടിലും
സത്യമൊരുനാള്‍ പുറത്തുവരും
അന്നെന്റെ എല്ലാ മുഖം മൂടിയും കീറി
മാലോകരെന്നെ പരിഹസിക്കും
അന്നെന്റെ തെറ്റിനും കുറ്റക്രിത്യങ്ങള്‍ക്കു-
മൊക്കെ വിചാരണ നേരിടും ഞാന്‍
ഈ കുറ്റപത്രങ്ങളെല്ലാം മുഴുവനായ്
ഏറ്റുവാങ്ങട്ടെ ഞാനിന്നൊടുക്കം
എന്റെ മനസ്സിന്റെ കോടതിക്കുള്ളിലെ
പ്രതിക്കൂട്ടിലെന്നേ നില്പാണു ഞാന്‍
കാലം വിധിക്കും ശിക്ഷയും കാത്തുകൊ-
ണ്ടെന്നേ മുഖം കുനിച്ചേകനായി

പ്രലോഭനം

ടാറിട്ടു മിനുക്കിയ ഉദരപ്രദേശവും
ചീര്‍ത്ത കോണ്‍ക്രീറ്റ് സ്തനങ്ങളും തുടകളും കാട്ടി
നഗരം വിളിച്ചു
അടുത്തുചെന്നപ്പോള്‍ കണ്ടു
ചൂഷണം ചെയ്യപ്പെട്ട അരക്കെട്ടും
ഗുഹ്യരോഗത്തിന്റെ
മാറാവ്രണങ്ങളും

കൊട്ടേഷന്‍

മലമുകളിലെ നില്‍പ്പന്‍ ബാറില്‍1
മേഘങ്ങള്‍ ലഹരി നുണഞ്ഞു
ആക്രമണ പദ്ധതിയുടെ
കരട് തയ്യാറാക്കപ്പെട്ടു
വീര്യം സിരകളെ ഗ്രസിച്ചപ്പോള്‍
പദ്ധതി നടപ്പാക്കപ്പെട്ടു
മാനത്തുനിന്ന് തെരുതെരെ
ചരല്‍ വാരിയെറിയാന്‍
മേഘങ്ങള്‍ക്ക് കൊട്ടേഷന്‍ കൊടുത്തത്
ആരാണ്


1-നില്‍പ്പന്‍ ബാറ്=നിന്നു കൊണ്ട് മാത്രം മദ്യപിക്കാവുന്ന ബാര്‍

Sunday, July 12, 2009

പിച്ചും പേയും

പനിക്കിടക്കയില്‍ കിടക്കവെ
കിതച്ചോടിയ കാലം
എന്റെ മുമ്പില്‍
ഇഴഞ്ഞു നടന്നു

ഘടികാര സൂചിയുടെ ശബ്ദം
കാതു തിരുമ്മിപ്പറിക്കുന്നു
നാവില്‍ മറ്റൊരു കയ്പുകൂടി
തെഴുക്കുന്നു

കോട്ടയും കോട്ടവാതിലും
വലം വച്ചൊരു കാറ്റ്
ജാലകത്തിലൂടെ നൂണ്
ചര്‍മ്മത്തെ സ്പര്‍ശിക്കുന്നു

ശിരസ്സില്‍ പ്രഭാതം
മദ്ധ്യാഹ്നമായ് നിന്നുകത്തുന്നു
ക്ഷീണസാന്ദ്രമൊരു സ്മ്രിതി
വഴുതി വീഴുന്നു
കയ്യില്‍ പട്ടത്തിന്റെ നൂലുമായ്
വരമ്പിലൂടോടുന്നൊരു പയ്യന്‍
വിളഞ്ഞ നെല്‍ക്കതിര്‍ കറ്റക്കളം
മെതി, പാട്ട്
തോട്ടില്‍ വീണ് കുത്തൊഴുക്കില്‍
മുങ്ങിയും പൊങ്ങിയും
പേടിപ്പനി നാലുദിവസം
മണ്ണാന്റെ മന്ത്രച്ചരട്
അമ്മയുടെ പ്രാര്‍ത്ഥന
തീരാത്ത വഴിപാടുകള്‍

പിന്നെയും പനി കത്തുന്നു
ശിരസ്സില്‍ കണ്ണില്‍ നെറുകില്‍

ഇന്നു ചീറിപ്പായുന്നു വണ്ടികള്‍
നൂറടി റോഡ് കോപ്ലക്സുകള്‍
മുക്കിന് മുക്കിന് നഗറുകള്‍
പുത്തന്‍ പണക്കാരും പത്രാസ്സും
കോളനി വാഴ്ച്ച ആഘോഷം
കമ്മിറ്റി പണപ്പിരിവുകള്‍
സൌഹ്രുദങ്ങളിലങ്കിളും ആന്റിയും
ഓര്‍ക്കുട്ടും എസ്.എം.എസും
പ്രണയങ്ങളിലപ്പടി മിസ്സ് കാളുകള്‍

പനി പെരുക്കുന്നു

കണ്ണുകള്‍ ചുവന്ന്
ഞാന്‍ അബോധം നിറഞ്ഞ് വീര്‍ക്കുന്നു
നെറ്റിയില്‍ നനച്ചിട്ട ശീല വരണ്ട്
വടിപോലെ കിടക്കുന്നു

Saturday, July 4, 2009

മറന്നു പോയ വാക്ക്

നാവിന്‍ തുമ്പുവരെ വന്ന്
പറച്ചിലാവാതെ പിടച്ചു
മറവിയുടെ തോടിന്നുള്ളില്‍
ഇരുട്ടില്‍ക്കിടന്ന് പകച്ചു

ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ്
തലച്ചോറിലെവിടെയോ സമാധികൊണ്ടു
ആത്മജ്ഞാനം സിദ്ധിക്കയാലൊ എന്തോ
സമാധിയില്‍ നിന്നുണര്‍ന്ന് പ്രയാണം തുടങ്ങി

ഓര്‍മ്മയുടെ പുരാതന നഗരങ്ങള്‍ പിന്നിട്ട്
ബോധത്തിന്റെ നിബിഡ കാനനങ്ങള്‍ പിന്നിട്ട്
ജനിമ്റുതികളുടെ കാട്ടരുവികളില്‍ കുളിച്ച്
ഉടലാര്‍ന്ന് രൂപമാര്‍ന്ന് അര്‍ത്ഥം ധരിച്ച്
എതിര്‍പ്പുകളെ ത്രിണവല്‍ഗണിച്ച്
ഒരു നാള്‍ പുറത്തുചാടി
വരണ്ട ചുണ്ടുകള്‍ അതിനെ
സത്യം എന്ന് ശബ്ദപ്പെടുത്തി

Saturday, June 6, 2009

ഗ്രീഷ്മം-(കമല സുരയ്യക്ക്)

മനസ്സ് വലിച്ചു മുറുക്കിയ
തന്ത്രിയിൽ നിന്നെന്നവണ്ണം
രാഗങ്ങൾ പൊഴിച്ചു


ശിരസ്സ് ചിത്രപ്പണികളുള്ള
ഒരുയുർന്ന ശിലാസ്തംഭം

ഇപ്പൊഴും എരിഞ്ഞു നിൽക്കുന്നുണ്ടാവണം
ആ ഖബറിടത്തിൽ കൽക്കത്തയിലെ ഗ്രീഷ്മം*
ഒരു കുടന്ന പൂക്കളായി



* summer in calcutta കമല ദാസിന്റെ പ്രസിദ്ധമായ ഇംഗ്ലീഷ്കവിതാ സമാഹാരം

Wednesday, June 3, 2009

ചിന്ത

മാവിലിറ്റുപ്പിട്ടെന്നാ-
ലുപ്പുമാവാവില്ലല്ലോ!

Saturday, May 30, 2009

ഒളിച്ചുകളി

ഇടയ്ക്ക് കവിത കാലത്തിനുള്ളിൽ
കയറി ഒളിക്കും
ജീവിതം അതു കണ്ടുപിടിക്കും
ഇടയ്ക്ക് ജീവിതം കാലത്തിനുള്ളിൽ
കയറി ഒളിക്കും
കവിത അതു കണ്ടെടുക്കും
(കവിത ജീവിതമായിത്തീരാറുണ്ടെങ്കിലും
ജീവിതം കവിതയാവുക അപൂർവം)
ചില കവിതകളെ ഒളിപ്പിക്കാനാവതെ
കാലം നമിച്ചു നിൽക്കും.
അപ്പോൾ അതുവരെ ജീവിതത്തിനുള്ളിൽ ഒളിച്ചിരുന്ന
കവി ഇറങ്ങി വരും.