Sunday, July 12, 2009

പിച്ചും പേയും

പനിക്കിടക്കയില്‍ കിടക്കവെ
കിതച്ചോടിയ കാലം
എന്റെ മുമ്പില്‍
ഇഴഞ്ഞു നടന്നു

ഘടികാര സൂചിയുടെ ശബ്ദം
കാതു തിരുമ്മിപ്പറിക്കുന്നു
നാവില്‍ മറ്റൊരു കയ്പുകൂടി
തെഴുക്കുന്നു

കോട്ടയും കോട്ടവാതിലും
വലം വച്ചൊരു കാറ്റ്
ജാലകത്തിലൂടെ നൂണ്
ചര്‍മ്മത്തെ സ്പര്‍ശിക്കുന്നു

ശിരസ്സില്‍ പ്രഭാതം
മദ്ധ്യാഹ്നമായ് നിന്നുകത്തുന്നു
ക്ഷീണസാന്ദ്രമൊരു സ്മ്രിതി
വഴുതി വീഴുന്നു
കയ്യില്‍ പട്ടത്തിന്റെ നൂലുമായ്
വരമ്പിലൂടോടുന്നൊരു പയ്യന്‍
വിളഞ്ഞ നെല്‍ക്കതിര്‍ കറ്റക്കളം
മെതി, പാട്ട്
തോട്ടില്‍ വീണ് കുത്തൊഴുക്കില്‍
മുങ്ങിയും പൊങ്ങിയും
പേടിപ്പനി നാലുദിവസം
മണ്ണാന്റെ മന്ത്രച്ചരട്
അമ്മയുടെ പ്രാര്‍ത്ഥന
തീരാത്ത വഴിപാടുകള്‍

പിന്നെയും പനി കത്തുന്നു
ശിരസ്സില്‍ കണ്ണില്‍ നെറുകില്‍

ഇന്നു ചീറിപ്പായുന്നു വണ്ടികള്‍
നൂറടി റോഡ് കോപ്ലക്സുകള്‍
മുക്കിന് മുക്കിന് നഗറുകള്‍
പുത്തന്‍ പണക്കാരും പത്രാസ്സും
കോളനി വാഴ്ച്ച ആഘോഷം
കമ്മിറ്റി പണപ്പിരിവുകള്‍
സൌഹ്രുദങ്ങളിലങ്കിളും ആന്റിയും
ഓര്‍ക്കുട്ടും എസ്.എം.എസും
പ്രണയങ്ങളിലപ്പടി മിസ്സ് കാളുകള്‍

പനി പെരുക്കുന്നു

കണ്ണുകള്‍ ചുവന്ന്
ഞാന്‍ അബോധം നിറഞ്ഞ് വീര്‍ക്കുന്നു
നെറ്റിയില്‍ നനച്ചിട്ട ശീല വരണ്ട്
വടിപോലെ കിടക്കുന്നു

No comments: