Monday, October 1, 2007

പ്രണയത്തെക്കുറിച്ച് ഒരു പവര്‍ പോയിന്റ് പ്രെസെന്റേഷന്‍

സ്ലൈഡ്-1

അയലത്തെ തൊടിയില്‍
അനക്കവും ആളുമില്ലാതെ
തരിച്ചു കിടക്കുന്ന പകല്‍

പതുങ്ങിച്ചെന്ന്
വീണുകിടക്കുന്ന
മാമ്പഴം പെറുക്കി
തിരിച്ചു വരുമ്പോള്‍
നീ എന്നോട് പറഞ്ഞത്
ഇഷ്ടമാണ് എന്നാണ്
മാമ്പഴമോ എന്ന് ഞാന്‍
എന്നെയെന്നത് സത്യം

സ്ലൈഡ്-2
കോളേജ് ലൈബ്രറിയുടെ
ആളൊഴിഞ്ഞ കോണില്‍
പെയ്തലയ്ക്കുന്ന മൌനം

എന്റെ ഓട്ടോഗ്രാഫ്
പുസ്തകത്തില്‍ നിന്റെ
കൈയ്യൊപ്പ്
ഒപ്പം നീ കുറിച്ചിട്ടത്
ആരുടെ കവിതയാണ്.

സ്ലൈഡ്-3

ഉദരപൂരണത്തിനായി കാലം
കഴുത്തില്‍ ടൈ കെട്ടിച്ചു

സേല്‍സ് റെപ്പിന്റെ ബാഗും
ബൈക്കിന്റെ ലോണ്‍ മുരള്‍ച്ചയും
തന്നു

പാഞ്ഞുപോകുമ്പോള്‍
സ്റ്റോപ്പില്‍ ബസ്സ് കാത്ത് നീ

വണ്ടി തിരിച്ച് വന്നപ്പോഴേക്കും
നിന്നെയും കൊണ്ട് കുതിച്ച
ബസ്സിന്റെ പുക
മുഖത്ത് കൊളാഷ് വരക്കുന്നു.

സ്ലൈഡ്-4

സുഹൃത്തിന്റെ വിവാഹച്ചടങ്ങ്
(സൌഹൃദത്തിന്റെ വിടവാങ്ങല്‍ ചടങ്ങ്)
അര്‍ത്ഥശൂന്യത നിറച്ചുണ്ട്
കൈ കഴുകി പൂറത്തു വന്നപ്പോള്‍
ഭര്‍ത്താവിനൊപ്പം നീ.

തേഞ്ഞുണങ്ങിയ ചിരി...........

പ്രണയത്തെക്കുറിച്ചുള്ള
പവര്‍ പോയിന്റ് പ്രെസെന്റേഷന്‍
ഇവിടെ അവസാനിക്കുമോ?

നന്ദി(കേട്)

ഓര്‍മ്മജാലകം

പാതിരാ‍വിലേക്കോര്‍മ്മതന്‍ ജാലക
വാതില്‍ മെല്ലെ തുറന്നു വെച്ചീടവെ
ദു:ഖരാഗം പടര്‍ത്തുവാനെത്തുന്നു
നേര്‍ത്തമഞ്ഞും നിശാപുഷ്പ ഗന്ധവും
നിന്‍ ചിരികളും പോയ പൂക്കാലവും
കാതില്‍ വീണ രാപ്പാടി തന്‍ ഗാനവും
പൂനിലാവിന്റെയുമ്മറത്തന്നു നിന്‍
നീള്‍ മിഴികള്‍ യാത്ര ചോദിച്ചതും
പിന്നെ വേര്‍പാടിന്‍ കനല്‍ കുടിച്ചു നാ-
മന്യരേപ്പോലകന്നു പുലര്‍ന്നതും
പ്രണയമുളളില്‍ കാത്തു സൂക്ഷിക്ക നാം
വിരഹദീര്‍ഘമെങ്കിലും ജീവിതം
ഹ്രുദയജാലകം കൊട്ടിയടച്ചു
ഞാനല്പ നേരം നിദ്ര ധ്യാനിക്കവേ
പേക്കിനാവുകള്‍ ചീറി വന്നോര്‍മ്മതന്‍
നാഡി ബന്ധം കടിച്ചുമുറിക്കുന്നു

കവിതയും ഞാനും

എന്നിലെ പൂര്‍ണ്ണതയ്ക്കായേ
നിന്നെത്തേടിയലഞ്ഞു ഞാന്‍
അറിഞ്ഞിടുന്നേനൊടുവില്‍
നീയേ ഞാനാമപൂര്‍ണ്ണത!

പരമാര്‍ത്ഥം

ഒന്നും നേടുന്നതില്ലാ‍രു-
മീമണ്ണിലടിവോളവും
വൃഥാ തുള്ളിക്കളിപ്പൂനാ-
മാരോബന്ധിച്ച പാവകള്‍

പൂട്ട്

ഉറക്കം ഒരു പൂട്ടാണ്

ഒന്നു പൂട്ടിയാല്‍
പിന്നെ തുറക്കയായ്

മാത്രുഗര്‍ഭത്തിലേക്കെന്നപോല്‍
കാനനയാത്രകള്‍
ചോലപ്പടര്‍പ്പുകള്‍

പരമകാഷ്0യില്‍ നമ്മളാദവും ഹവ്വയും
വിലക്കു മറികടന്നും കാട്ടുകനികള്‍
ഭുജിച്ചവര്‍

പ്രണയവാടികകളില്‍
രാസലീലാനികുഞ്ജങ്ങളില്‍
നര്‍ത്തനം ചെയ്‌തവര്‍.

പൊടുന്നനെ പേടിപ്പെടുത്തുവാന്‍
ആരുടെ നിലവിളി

തോക്കു ചൂണ്ടുന്നു വേറൊരാള്‍
പ്രാണന്റെ നഷ്ടഭീതിയാലലറുന്നു
ചേതന.

പൂട്ടിന്റെയിന്ദ്രജാലക്കൊളുത്തഴിഞ്ഞുണരുന്നു

പൂട്ടു നഷ്ടപ്പെട്ട ഒരാമാടപ്പെട്ടിയാണ് ഞാന്‍

സന്ദേശങ്ങള്‍

മരിച്ചവരെ സ്വപ്നം കണ്ടുറങ്ങിയ
രാത്രി പുലര്‍ന്നു
വിരുന്നു വരുന്നുവെന്നറിയിച്ച്
അതിരാവിലെ മൊബൈലില്‍
അഥിതിയുടെ ഹര്‍സ്വ സന്ദേശ ഗീതിക

ഇല്ലാത്ത ഇടമൊരുക്കി
ഇഷ്ടഭക്ഷണമൊരുക്കി
കാത്തിരുന്നു

വന്നു വീണ്ടും
ലഘുസന്ദേശഗീതിക
അഥിതി വരില്ല

ഉണങ്ങാത്ത മുറിവുകള്‍

ചില അറിവുകള്‍
ഉണങ്ങാത്ത മുറിവുകളാണ്

ചില മുറിവുകള്‍
അണയാത്ത അറിവുകളും

മുറിവുകളോളം തന്നെ
പറഞ്ഞുതന്നിട്ടില്ല അറിവുകള്‍.

ആഗ്രഹം

നമ്മളെന്താഗ്രഹിക്കുന്നുവെന്നോ സഖീ
നീലമാം വാനില്‍ കിളികള്‍ പാറുന്നപോല്‍
കോര്‍ത്തചിറകഴിയാതെ തളരാതെ
സ്വച്ഛന്ദ ഗതിയാര്‍ന്നു സ്വല്പം പറക്കാന്‍
കേവലം നീലാഭ്രജാലികക്കപ്പുറം
തൂമതൂവുന്നൊരാ ചക്രവാളത്തിലേ
ക്കൊരു ശോണരേഖയായിപ്പറന്നേറുവാന്‍
പിന്നെയീ ശ്യാമയാം ഭൂമിതന്‍ മാറിലേ-
ക്കൂളിയിട്ടെത്തുവാന്‍ ദാഹമകറ്റുവാന്‍
സ്വപ്നം കുടിക്കുവാന്‍ അല്പം ശയിക്കുവാന്‍!

വീട്

മുറ്റത്തു കിടക്കുന്ന പട്ടി
ചത്തതുപോലെ
ഉറക്കമാണ്.

ഇലയനക്കങ്ങളൊ
ചീവീട് കരച്ചിലുകളൊ
ഇല്ല.

ജാരന്‍ തഴുതിട്ടിട്ടില്ലാത്ത
മുന്‍വാതിലിലൂടെത്തന്നെ
വീട്ടിന്നകത്തേക്കുകയറി.

കൂണ്‍കറി

കറിയിലെ കൂണിനുമുണ്ടായിരിക്കണം
ചില ഓര്‍മ്മകള്‍

അടര്‍ന്നു വീഴുന്നതിന്‍ മുമ്പ്
വിരിഞ്ഞു നിന്നതിന്റെ

ചാറ്റല്‍ മഴയില്‍പ്പെട്ട
ഉറുമ്പിന്‍ പട്ടാളം
കാനോപ്പിത്തണലില്‍
തമ്പടിച്ചതിന്റെ

ഒരു ഇടിവെട്ടിനു
താനേ പൊട്ടിമുളച്ച
പെരുവഴിയമ്പലമായതിന്റെ

ദര്‍ദ്ദുര പ്രണയങ്ങള്‍ക്ക്
മൂകസാക്ഷിയായതിന്റെ

“കൂണുപോലെ പൊട്ടിമുളച്ചത്”
എന്ന പ്രയോഗത്തിന്റെ
സാര്‍ത്ഥകതയുടെ

പോളിത്തീന്‍ കവറില്‍
ഫ്രഷായി അടക്കം ചെയ്യപ്പെട്ട്
റീട്ടെയില്‍ ശീതളിമയില്‍
വില്‍ക്കപ്പെട്ടതിന്റെ

മസാലക്കും മുളകിനുമൊപ്പം
തിളച്ചു പൊരിയുമ്പോള്‍
പ്രാണനലിഞ്ഞു പോയതിന്റെ