Sunday, August 12, 2012

ഹാങ്ങ്






മൗസ് ക്ലിക്കുകളിൽ നിന്ന്
രക്തമുതിരുന്നു
യു ട്യൂബിൽ അവസാനം കണ്ട
വീഡിയോ ഫയൽ
ലൈവ് കൊലപാതകത്തിന്റെ
അതും
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട
ഏകഛത്രാധിപതിയുടെ

നീ ബന്ധം വിഛേദിക്കുന്നു

കീബോർഡിലെ ലിപിക്കട്ടകളിൽ നിന്നു
പറന്നു പൊങ്ങിയ
പ്രണയത്തുമ്പികൾ
ചത്തുവീഴുന്നു

ചാറ്റ് റൂമുകളിൽ
മൗനം വെറുങ്ങലിക്കുന്നു

സ്വപ്നങ്ങൾ ഡെസ്ക്ടോപ്പിൽ
നിന്നു ത്രാഷ് ചെയ്യപ്പെടുന്നു

കണക്റ്റിവിറ്റി നഷ്ടപ്പെട്ട്
മെമ്മറി കറപ്റ്റ് ചെയ്യപ്പെട്ട്
ഞാൻ സ്ലോ ആകുന്നു

ഇനി കണ്ട്രോൾ+ആൾട്ട്+ഡിലീറ്റ്

തരിപ്പ്




ആശങ്കതൻ കരിപൂശിയിജ്ജീവിതം
ആടിത്തിമിർക്കുന്ന നേരം

ആകുലമേതോവരണ്ടകാലത്തിന്റെ
തോറ്റങ്ങളേ കേൾപ്പൂ ചുറ്റും

കേവലം കൊറ്റിനായേതോകിനാക്കിളി
കൊക്കുനീട്ടിക്കരയുന്നു

സ്വച്ഛന്ദസഞ്ചാരിയാമൊരു പേടമാൻ
തോക്കിൻ നിഴൽ കുടിക്കുന്നു

പൂക്കില്ല പൂക്കാതെ മൊട്ടുകൾ ഞെട്ടറ്റു
മുറ്റത്തു പൊട്ടിവീഴുമ്പോൾ

കേഴില്ല കേഴാതെ തൊണ്ടയിൽത്തന്നെയീ
ശബ്ദം മരിച്ചുവീഴുമ്പോൾ

മൗനം പുതച്ച് മനസ്സും തളർന്നൊരെൻ
ജന്മം തരിച്ചിരിക്കുന്നു

കവനകൗമുദി

വൃത്തം




വൃത്തഭംഗത്തിന്നു മാപ്പു
ചോദിക്കുന്നു മഹാകവി
വൃത്തമില്ലാതെത്രയെത്ര
അർഥഭാഷ്യങ്ങൾ നൽകിയോൻ

ജീവിതത്തിന്റെ തീക്കാറ്റിൽ
ചുട്ടുപൊള്ളിച്ച വാക്കുകൾ
തീക്ഷ്ണ തീക്ഷ്ണം തെറിക്കുമ്പോൾ
വൃത്തം നിർബന്ധമാകുമോ

ചുള്ളികൾ തീർത്ത കാടല്ല
ചുള്ളികാടിന്റെ ഭാവന
ജീവിതം ചൂഴ്ന്നു നിൽക്കുന്ന
ഘോരകാവ്യ മഹാവനം

മുക്തചന്ദസ്സിലാവുമ്പോൾ
രക്തമിറ്റുന്ന വാക്കുകൾ
ബദ്ധ ചന്ദസ്സിലായാലും
തിക്തതക്കന്യമാകുമോ

വൃത്തമോ താളമോ ചുറ്റി
നൃത്തം വക്കട്ടെ വാക്കുകൾ
അങ്ങെഴുത്തു തുടർന്നാലും
ബാലചന്ദ്ര മഹാകവേ!

രാവണൻ




രാമായണത്തിങ്കൽ രാമനല്ല
രാവണൻ തന്നെയെനിക്കു പഥ്യം!

പത്തുതലയും വിരിഞ്ഞ മാറും
പത്തിരട്ടിച്ചുള്ള കൈക്കരുത്തും
ഒത്തോരുടലും കടും മനസ്സും
മത്താടുമാസുര വീര്യവുമായ്

രാമനെക്കാളുമുയരെ തന്നെ
രാവണൻ നിൽക്കയാണെൻ മനസ്സിൽ

രാജസ ഭോഗങ്ങളേറ്റു വാങ്ങി
താമസ ശക്തികൾക്കീശനായി
മേവി ലങ്കേശ്വരൻ പ്രാഭവത്തിൻ
കാവി കൊടിക്കൂറ പാറി വിണ്ണിൽ
അഷ്ടദിക് പാലകർ മുട്ടുകുത്തി
ഇഷ്ട വരങ്ങൾ കൊടുത്ത കാലം
ഐശ്വര്യ ദേവത തന്റെ ഗേഹം
ലങ്കയിൽ മാറ്റി പ്പണിഞ്ഞ കാലം!
ത്രിലോകങ്ങളെല്ലാമടക്കിവാണു
സിംഹ പ്രതാപങ്ങൾ കത്തി നിന്നു
ഉദയാസ്തമയങ്ങൾ പോലു മെത്തി
ചൊൽ‌പ്പടി കാത്തു കിടന്ന കാലം
രാവണൻ തൻ പുകഴ് പാരിലാകെ
റാകി പ്പറന്നു പരന്ന കാലം!

എത്ര കഥകൾ നിൻ പൌരുഷത്തിൻ
ചിത്ര വർണ്ണങ്ങൾ പകർന്നു തന്നു.
കൈലാസ പർവ്വതം കൈയ്യിലേന്തി
ആയാസമില്ലാതെ നിന്നുവെന്നും
കൊടും തപം ചെയ്തു നാന്മുഖനെ
പ്രീതിപ്പെടുത്തി വരങ്ങൾ നേടി
ശിവതാണ്ടവത്തിന്നു ഗാനമെഴുതി
ശിവഭക്തനെന്നും പ്രസിദ്ധി നേടി
സ്വന്തം ഞരമ്പുകൾ വീണയാക്കി
സംഗീതമാവാഹനം നടത്തി
കൈലാസനാഥന്റെ കൈയ്യിൽ നിന്നും
ചന്ദ്രഹാസത്തിൻ കരുത്തു നേടി
ആസുര രാജ ഗിരിപ്രഭാവൻ
കവിതാ വിശാരദൻ ,ചിത്രകാരൻ
രാവണൻ കേമൻ ത്രിലോകനാഥൻ
നാമവിശേഷണ മെത്ര വേണം!

രാമ! നീ ദേവാംശമുൾകൊൾകയാൽ
മാത്രം വധിച്ചിതു രാവണനെ


രാവണൻ നില്ക്കയാണെൻ മനസ്സിൽ
പത്തു തലയും വപുസ്സുമായി
രാമായണത്തിങ്കൽ രാമനല്ല
രാവണൻ തന്നെയെനിക്കു പഥ്യം

വരമൊഴി




എന്തൊരത്ഭുതം!കീപാഡിലിന്നുഞാ-
നെൻ വിരൽ തുമ്പു സഞ്ചലിപ്പിക്കവേ
തൊട്ടു മേലെ തെളിയുന്നിതക്ഷണം
മാതൃ ഭാഷതൻ ദിവ്യമാം മുദ്രകൾ
മെല്ലെ മംഗ്ലീഷു കട്ടകൾ തട്ടവേ
സ്ക്രീനിലെത്തുന്നു തുഞ്ചന്റെ ശാരിക
പണ്ടു പ്രസ്സിൽ മഷിയാടിനിന്നൊരാ
അച്ചുകൂടങ്ങളെങ്ങോ മറഞ്ഞുവോ
താളിയോലയും ആണിയും മാറിയീ
പേപ്പറും മഷിപ്പേനയും വന്നപോൽ
പുതുലിപിതൻകുത്തൊഴുക്കിൽചിരം
ശൂന്യമാകുന്നെഴുത്തുമേശപ്പുറം
കൈക്കുടന്നയിൽ ലോകം ചുരുങ്ങവേ
താളിലൊന്നുമെഴുതേണ്ടതില്ലിനി
മാറ്റിവക്കുക പേനയും പെൻസിലും
ടൈപ്പുചെയ്യുവാൻ കീബോർഡു നീർത്തുക
എത്ര വൃത്തിയിൽ വെട്ടും തിരുത്തലും
അത്ര ഭംഗിയിൽ ക്ഷിപ്രപ്രസാധനം
പിന്നെ ബ്ലോഗിലും ഫേസ് ബുക്കിലും തഥാ
പോസ്റ്റിലാഗോളമാത്മപ്രകാശനം
പിന്നെ ചർവ്വണം മണ്ഡനം ഖണ്ഡനം
എന്നുവേണ്ട കമന്റുകളങ്ങനെ
ചോർന്നു പോകാതെ വായിച്ചെടുക്കണം
വർത്തമാനവും ഭൂതവും ഭാവിയും
തീ പിടിച്ചിന്നു ജീവിതം പായവേ
സ്ക്രീൻ നിറക്കുന്നതീ മൊഴിക്കൂട്ടുകൾ
ഭാഷ ചോരാതെ യൂഴിയിലക്ഷരം
കാത്തു വെക്കുന്ന പുത്തനെഴുത്തുകൾ!