Saturday, April 14, 2012

കാലം മുൻ
കാലിലൂന്നി
ഒരു കവർ ഡ്രൈവ് പായിക്കുമ്പോൾ
(സച്ചിൻ ടെൻഡുൽക്കർക്ക് )




ഓരോ സെഞ്ച്വറിയിലും
നീ കൊത്തി വച്ചത്
വരാനിരിക്കുന്ന
നൂറ്റാണ്ടുകളുടെ
അനശ്വരതയാണ്

പോർച്ചട്ടയണിഞ്ഞ്
സൂര്യനെ നമിച്ച്
ബാറ്റായുധനായി
നീ

22 അടി നിലപാടുതറയിൽ
തുകൽപ്പന്തു ചാവേറുകൾ

തക്കാളി കണക്ക് തുടുത്ത
ഒരു തുകൽ പന്തിനെ
ഭൂഖണ്ട സീമകളിലേക്ക്
നീ അടിച്ചകറ്റുന്ന ലാഘവം
കാണികളിൽ ആവേശം വിതക്കുന്നു

ആ പന്തിന്റെ പ്രയാണം
നിലക്കുന്നിടത്ത്
നിന്റെ അശ്വമേധം
ആരംഭിക്കുന്നു
വൃത്തവും അലങ്കാരവും
അഴിഞ്ഞ്
ആവേശത്തിൻ പരകോടിയിൽ
നിന്റെ യൌവനം
ഗ്യാലറികൾക്ക് തീ വെക്കുന്നു

സിരകളിൽ
കവിതയും
പൈത്രുകവുമുള്ള
നിന്റെ ബാറ്റ്
ഒരൊളിമ്പസ്സ് പർവ്വതം
നീ തിസ്സ്യൂസ്സ്

ഓരൊ സെഞ്ച്വറിക്കൊടുവിലും
തോൽപ്പിക്കപ്പെട്ട
ഒരു ജനത ഉയിർത്തെഴുനേൽക്കുന്നു
നിന്റെ വിക്കറ്റ് നഷ്ടം
ഒരു രാഷ്ട്രത്തിന്റെ നെടുവീർപ്പ്

വിട്ടുവീഴ്ച്ച

വെറുതേ സമ്പാദിച്ചു
തന്നാൽ മതി
എല്ലാം ഞാൻ
നോക്കിക്കൊള്ളാം
എന്നതായിരുന്നു കരാർ


അടുക്കളപ്പണിയും
ഇനിമുതൽ
ചെയ്യണം
എന്നവൾ
പറഞ്ഞപ്പോൾ
ആദ്യം വെഷമം തോന്നാതെയല്ല

കുട്ടികളെ സ്കൂളിലയക്കണം
എന്നായി പിന്നത്തെ ഡിമാന്റ്

നേരത്തെ വീട്ടിലെത്തണം
എന്നു കൂടികേട്ടപ്പോൾ……

നിനക്കെന്താ
ചുവരിലെ ചിത്രത്തിലിരുന്നു
കൽ‌പ്പിച്ചാൽ പോരേ

അനുഭവിക്കുന്നതു ഞാനല്ലേ

പുഴയിൽ മഴയെഴുതിയ നോവുകൾ

വേദനയുടെ സംഗീതവും
മരണത്തിന്റെ മുഴക്കവുമായി
പുഴയെ പുൽകുന്ന തുള്ളികൾ
മഴയെഴുതിയ പ്രണയ കവിതകളാണ്


ഇരുണ്ട വിരലുകളാൽ
മഴയെഴുതിയ കവിതകൾ
പുഴയോർക്കുന്നുണ്ടാവുമോ

അവ പ്രണയം പോലെ തന്നെ
വിരഹവും പകരുന്നതുകൊണ്ടാണോ

ദൂരെ കാത്തുകിടക്കുന്ന കടലിന്റെ
ദാഹത്തിലേക്ക് പുഴ പടരുന്നത്

തെറി

അമ്മയെക്കുറിച്ചുള്ളതാണെങ്കിൽ
വ്രണിതമായ ഒരാത്മാവിന്റെ
മൂകവിലാപത്തെയുളവാക്കും

അച്ഛനെകുറിച്ചുള്ളവ
അഭിമാനക്ഷതം പൂണ്ട
കുറേ ഓർമ്മകളെ ക്ഷണിക്കും

അവൾക്കിട്ടാണെങ്കിൽ
ധ്വജഭംഗം സംഭവിച്ച
കുറേ കാമനകളെ ഹനിക്കും

അവനവനെക്കുറിച്ചു തന്നെയെങ്കിൽ
അന്ത:ക്ഷോഭമടങ്ങാത്ത പൊങ്ങച്ചങ്ങൾ
ബലൂണൂകൾ സൂചി കൊണ്ടിട്ടെന്നവണ്ണം
വയർ പിളർന്നു മരിക്കും