Wednesday, July 20, 2011

ഒരു സന്ധ്യയുടെ ഓർമ്മക്ക്

സന്ധ്യ മൂകം വിളിച്ചുവോ നമ്മളെ
നമ്മൾ നമ്മിൽ പുതഞ്ഞു മയങ്ങവേ
നേർത്തു നേർത്തു പൊലിയും പകലിന്റെ
ദു:ഖ തന്ത്രികൾ മീട്ടിപ്പതുക്കനെ

സന്ധ്യ വന്നു വിളിച്ചുവോ നമ്മളെ
ചിന്തു പാടിയും കുങ്കുമം ചാർത്തിയും
രാഗസങ്കല്പ സംഗീത ധാരയാൽ
കണ്ണു നീരിനാൽ നഷ്ട സ്വപ്നങ്ങളാൽ

എത്രനാൾകൊണ്ടു കണ്ടതാണിന്നു നാം
അന്നു തമ്മിൽ പിരിഞ്ഞതിൻ പിന്നെയായ്
ഓർമ്മയുണ്ടോ സഖി നമ്മളാദ്യം കണ്ട
സന്ധ്യതൻ കവിൾ കുങ്കുമപ്പൂവുകൾ

നിന്റെ ചുണ്ടിലെൻ ചുണ്ടിലെ തീയടർ
ന്നാളി നീറി വിടർന്ന ചെമ്പൂവുകൾ
എന്റെ കാമത്തിൻ പരുഷദംശങ്ങളാൽ
നിന്റെ കാമം തുടിച്ച മൺനോവുകൾ

എത്ര വിഹ്വലം ജീവന്റെ ഭൂമിക
പട്ടുപോകുന്നു തീരെ നിനക്കാതെ
ഓർമ്മയുണ്ടോ അല്ലായ്കിലെന്തിനായ്
ഓർത്തുവക്കണം നമ്മളാ സന്ധ്യകൾ


സന്ധ്യതൂകും മഴപ്പൂക്കൾ ചൂടിയീ
പ്രേമസൈകതം വിട്ടിറങ്ങീടുക
യാത്രയാക്കുകീ സന്ധ്യയെ കൈവിരൽ
വീശി മെല്ലെപ്പിരിഞ്ഞു പോകാമിനി

കണ്ടുമുട്ടുമോ എന്ന ചോദ്യത്തിനായ്
കണ്ടുമുട്ടാതിരിക്കട്ടെ ഉത്തരം
സന്ധ്യ മാഞ്ഞു നിരാഡംബരാംബരം
നീൾമുടിക്കെട്ടൊതുക്കി രാവെത്തിയോ

ദൂരെ വിണ്ണിൻ തമോരാശിയിൽ ശുക്ര
താരകം വന്നുദിക്കുമ്പൊഴൊക്കെയും
നിന്റെയോർമ്മകൾ നീറ്റൂവാനെത്തിടും
നീജ്വലിക്കുമെൻ ബോധപർവ്വങ്ങളിൽ