Saturday, December 29, 2007

വായനക്കാരോട്

പ്രിയമുള്ളവരെ,

ഒരു വര്‍ഷം കൂടി കടന്നുപോവുകയാണല്ലോ.ഭൂമിയില്‍ നാം പിന്നിടുന്ന ഓരോ വര്‍ഷവും നമ്മുടെ ജീവിതത്തിന്റെ സംസാരിക്കുന്ന സാക്ഷ്യപത്രങ്ങളായി ചരിത്രത്തിലേക്ക് ചേര്‍ക്കപ്പെടുന്നു.എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും സാങ്കേതികമായി നാം എത്രതന്നെ വളര്‍ന്നാലും പരസ്പരം ധ്വംസിക്കുന്ന ഒരു സംസ്കാരത്തില്‍ നിന്ന് മാറാത്തിടത്തോളം പുതിയ കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ നമുക്കാവില്ല.ചരിത്രത്തില്‍ നിരപരാധികളുടെ ചോര പുരണ്ടുകൊണ്ടേയിരിക്കുന്നു.
ചുറ്റിലും ഒന്നു കണ്ണോടിച്ചാല്‍ തന്നെ അസമതയുടെ, അസഹിഷ്ണുതയുടെ , എത്ര എത്ര ചിത്രങ്ങളാണ്
തെളിഞ്ഞു വരുന്നത്.ഇവിടെ പ്രത്യാശ വെറും ഔപചാരികത മാത്രമാകുന്നു.ശ്രീ മണമ്പൂര്‍ രാജന്‍ബാബുവിന്റെ വരികള്‍ ഓര്‍മ്മിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.

ഉയിരില്‍ ചാലിച്ചു-
കുറിയിടാനെങ്കില്‍,
പുതുവരം വേണ്ട,
വരികയും വേണ്ട
പുതിയ വര്‍ഷമേ,
നിനക്കു നിന്ദനം

ആശംസകളോടെ

സന്തോഷ് നെടുങ്ങാടി

Thursday, December 27, 2007

പലകാലം

അമ്പത്തൊന്നക്ഷരാളീ
എന്നിലൂറുന്നൊരക്ഷരം സാക്ഷി
നിന്നിലെന്തിനുടക്കിക്കിടന്നു ഞാന്‍
കലുഷ വിഭാതങ്ങളിലുണര്‍ന്ന്
തപ്തവിരളമാം മദ്ധ്യാഹ്നഗീതികള്‍ പാടി
ജ്വരമാണ്ട സാ‍യന്തങ്ങളിലൂടെ
വന്ധ്യയാം രാവിന്റെ മാറിലൂടെ
വാഗ്ദത്ത ഭൂമിക തേടിയലഞ്ഞു

വിഷലിപ്ത ചിന്തകളുറഞ്ഞു
വാക്കിന്നമ്ല മഴയായ് പെയ്തത്
കരളുടഞ്ഞു പൊങ്ങുന്നൊരാര്‍ത്തസ്വരം
നിലക്കാത്ത ആകാശച്ചെരുവുകളില്‍ നിന്ന്
വാക്പഞ്ജരങ്ങളില്‍ എന്തിനു
വെറുതെ തളച്ചിട്ടു നീയെന്റെ
കൌടില്യമാര്‍ന്ന ചിന്തകള്‍
മദഭര വിചാരങ്ങള്‍

പലകാലം കേവലം മൌനമായിരുന്നു ഞാന്‍
മൌനത്തിന്റെ തപസ്സുടച്ച്
മന്ത്രത്തിന്റെ പോരുളുടച്ച്
കാടിന്റെ ത്രികാലജ്ഞാനങ്ങളില്‍ നിന്ന്
പുഴയുടെ ആരവങ്ങളില്‍ നിന്നു
ഞാന്‍ പോയി
പിന്നെ ഞാന്‍ പറന്നു പോയത്
കടലിന്റെ അറിവിരമ്പങ്ങളിലേക്ക്


ഓര്‍ക്കാപ്പുറത്തോരു പെരുംതിര
കടലെന്നിലാവേശിച്ചു
കൊമ്പുള്ള സ്രാവുകള്‍ നീരാളികള്‍
മുട്ടിയുരുമ്മിക്കടന്നുപോയി
എന്റെ ഗതിവേഗങ്ങളോ
വരണ്ടൊരു ചിപ്പിക്കുള്ളിലേക്കും
ചിപ്പിയുടെ ഉര്‍വ്വരതയായി
മുത്തായിത്തീരുമെന്ന പ്രതീക്ഷയില്‍
ഞാനുറങ്ങിക്കിടന്നു പലകാലം

ഒരുഷ്ണപ്രവാഹത്തിന്റെ
തിരച്ചിറകിലേറിയാവാം
ഞാനേതോ തീരത്തടിഞ്ഞു
അപ്പൊഴും ഞാനുറക്കമായിരുന്നു
ഉണര്‍ന്നപ്പോള്‍ അഴുകിയ
പ്രമേഹപാദങ്ങളുമായി
സമയം മുടന്തിനില്പുണ്ടായിരുന്നു

പിന്നീട് ഞാന്‍ ഒരു വലമ്പിരി
ശംഖിലെ നാദമായ്ത്തീര്‍ന്നു
ഒരു ഭിക്ഷുവിന്റെ സഞ്ചിയിലായിരുന്നു
പലകാലം

പലകാലം അമ്പലനടകളെ വിളിച്ചുണര്‍ത്തി
തീര്‍ത്ഥം കൊടുത്ത് പ്രസാദിപ്പിച്ചു
ഒരു നാള്‍ വേദമന്ത്രോച്ചാരണങ്ങള്‍
നാദമായ് നിറഞ്ഞ് വീര്‍ത്ത് ഞാന്‍
പൊട്ടിത്തെറിച്ചു
കാലവ്രക്ഷത്തില്‍
അക്ഷരങ്ങളായിത്തൂങ്ങിക്കിടന്നു

പിന്നെയും അമ്പത്തൊന്നക്ഷരാളീ
നീ എന്നിലുണര്‍വ്വായി അണയുന്നുവല്ലോ
നിലക്കാത്ത ഗന്ധമായ് പടര്‍ന്ന്
അര്‍ത്ഥമായ് നിറയുന്നുവല്ലോ

Monday, December 10, 2007

ഇതളുകളില്‍ മുള്ളുള്ള പുഷ്പം

ഇതളുകളില്‍ മുള്ളുള്ള
ഒരു തുടുത്ത പൂവിനെ
ഞാനിഷ്ട്പ്പെട്ടു

ഓരോ തഴുകലിനും
മുള്ളുകള്‍ കോറി
വിരലുകള്‍
മുറിഞ്ഞു ചുവന്നു

വേദന വിസ്മരിച്ചു
വീണ്ടും തഴുകിയപ്പോള്‍
ആ പൂവില്‍ നിന്റെ
മുഖം തെളിഞ്ഞു