Sunday, December 11, 2011

കാരണങ്ങൾ

പട്ടിണി കിടക്കാത്തതു കൊണ്ടാവണം
എന്റെ കവിതകൾക്കു മൂർച്ചയില്ലാത്തത്

വല്ലാതെ വായിക്കാത്തതു കൊണ്ടാവണം
എന്റെ ഭാഷക്കു നിറം മങ്ങിയ മുഖം

മനസ്സു നിറഞ്ഞു കവിഞ്ഞാലും
എഴുതിക്കളയാത്തതു കൊണ്ടാവണം
എന്റെ വാക്കുകൾ വഴുവഴുക്കുന്നത്.


നിത്യവും കുളിക്കുന്നതു കൊണ്ടാവണം
എന്റെ അക്ഷരങ്ങൾക്കു കറുപ്പു കുറഞ്ഞത്

Saturday, September 24, 2011

പെട്രോൾ

വില കുതിപ്പൂ റോക്കറ്റു പോലവേ
പല നികുതി,പ്രാരബ്ദഭാരവും
നിലവിളിക്കാൻ പോലുമേയാവാതെ
നില തുടർന്നും കണ്ടു നിൽക്കുന്നു നാം

നഗരഗ്രാമ ഭേദങ്ങളില്ലാതെ
നരകജന്മം നീളുന്നു പിന്നെയും

Wednesday, July 20, 2011

ഒരു സന്ധ്യയുടെ ഓർമ്മക്ക്

സന്ധ്യ മൂകം വിളിച്ചുവോ നമ്മളെ
നമ്മൾ നമ്മിൽ പുതഞ്ഞു മയങ്ങവേ
നേർത്തു നേർത്തു പൊലിയും പകലിന്റെ
ദു:ഖ തന്ത്രികൾ മീട്ടിപ്പതുക്കനെ

സന്ധ്യ വന്നു വിളിച്ചുവോ നമ്മളെ
ചിന്തു പാടിയും കുങ്കുമം ചാർത്തിയും
രാഗസങ്കല്പ സംഗീത ധാരയാൽ
കണ്ണു നീരിനാൽ നഷ്ട സ്വപ്നങ്ങളാൽ

എത്രനാൾകൊണ്ടു കണ്ടതാണിന്നു നാം
അന്നു തമ്മിൽ പിരിഞ്ഞതിൻ പിന്നെയായ്
ഓർമ്മയുണ്ടോ സഖി നമ്മളാദ്യം കണ്ട
സന്ധ്യതൻ കവിൾ കുങ്കുമപ്പൂവുകൾ

നിന്റെ ചുണ്ടിലെൻ ചുണ്ടിലെ തീയടർ
ന്നാളി നീറി വിടർന്ന ചെമ്പൂവുകൾ
എന്റെ കാമത്തിൻ പരുഷദംശങ്ങളാൽ
നിന്റെ കാമം തുടിച്ച മൺനോവുകൾ

എത്ര വിഹ്വലം ജീവന്റെ ഭൂമിക
പട്ടുപോകുന്നു തീരെ നിനക്കാതെ
ഓർമ്മയുണ്ടോ അല്ലായ്കിലെന്തിനായ്
ഓർത്തുവക്കണം നമ്മളാ സന്ധ്യകൾ


സന്ധ്യതൂകും മഴപ്പൂക്കൾ ചൂടിയീ
പ്രേമസൈകതം വിട്ടിറങ്ങീടുക
യാത്രയാക്കുകീ സന്ധ്യയെ കൈവിരൽ
വീശി മെല്ലെപ്പിരിഞ്ഞു പോകാമിനി

കണ്ടുമുട്ടുമോ എന്ന ചോദ്യത്തിനായ്
കണ്ടുമുട്ടാതിരിക്കട്ടെ ഉത്തരം
സന്ധ്യ മാഞ്ഞു നിരാഡംബരാംബരം
നീൾമുടിക്കെട്ടൊതുക്കി രാവെത്തിയോ

ദൂരെ വിണ്ണിൻ തമോരാശിയിൽ ശുക്ര
താരകം വന്നുദിക്കുമ്പൊഴൊക്കെയും
നിന്റെയോർമ്മകൾ നീറ്റൂവാനെത്തിടും
നീജ്വലിക്കുമെൻ ബോധപർവ്വങ്ങളിൽ

Saturday, June 25, 2011

തെറി

അമ്മയെക്കുറിച്ചുള്ളതാണെങ്കിൽ
വ്രണിതമായ ഒരാത്മാവിന്റെ
മൂകവിലാപത്തെയുളവാക്കും

അച്ഛനെകുറിച്ചുള്ളവ
അഭിമാനക്ഷതം പൂണ്ട
കുറേ ഓർമ്മകളെ ക്ഷണിക്കും

അവൾക്കിട്ടാണെങ്കിൽ
ധ്വജഭംഗം സംഭവിച്ച
കുറേ കാമനകളെ ഹനിക്കും

അവനവനെക്കുറിച്ചു തന്നെയെങ്കിൽ
അന്ത:ക്ഷോഭമടങ്ങാത്ത പൊങ്ങച്ചങ്ങൾ
ബലൂണൂകൾ സൂചി കൊണ്ടിട്ടെന്നവണ്ണം
വയർ പിളർന്നു മരിക്കും

പുഴയിൽ മഴയെഴുതിയ നോവുകൾ

വേദനയുടെ സംഗീതവും
മരണത്തിന്റെ മുഴക്കവുമായി
പുഴയെ പുൽകുന്ന തുള്ളികൾ
മഴയെഴുതിയ പ്രണയ കവിതകളാണ്

പുഴയോർക്കുന്നുണ്ടാവുമോ
ഇരുണ്ട വിരലുകളാൽ
മഴയെഴുതിയ ആ കവിതകൾ

അവ പ്രണയം പോലെ തന്നെ
വിരഹവും പകരുന്നതുകൊണ്ടാണോ

ദൂരെ കാത്തുകിടക്കുന്ന കടലിന്റെ
ദാഹത്തിലേക്ക് പുഴ പടരുന്നത്

Sunday, June 5, 2011

കിന്നാരം

കണ്ണെഴുതി പൊട്ടുകുത്തി
എത്തിനോക്കുന്ന വർഷമേ!
ഒന്നടുത്തേക്കണഞ്ഞെന്നാൽ
ചൂടിക്കാം മൗന മുദ്രകൾ

Monday, May 30, 2011

പാതകം

എന്നെയാരും വിളിച്ചില്ല
നീയുമെന്നെ വിളിച്ചില്ല
നിന്നെ ഞാനും വിളിക്കില്ല
വിളിയില്ലാതൊടുങ്ങട്ടെ
നമ്മൾ തൻ പ്രേമ പാതകം

Tuesday, May 24, 2011

പ്രവേശനോത്സവം

പുതിയ കുടയും
പുതിയ ബാഗും
പുതിയ വാട്ടർ ബോട്ടിലും
പുതുപുത്തൻ വസ്ത്രങ്ങളുമായി
ഒരു കുഞ്ഞുമഴ സ്കൂളിലെത്തി

ആദ്യമാദ്യം ചനുപിനെ ചനുപിനെ പെയ്തു
പിന്നെ അന്തം വിട്ട് അലറിക്കരഞ്ഞു
വർണ്ണമിഠായികൾക്കോ
ബലൂണുകൾക്കോ
വഴങ്ങാതെ
സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പൊഴും
തീർന്നിരുന്നില്ല
കുഞ്ഞുമഴയുടെ
കണ്ണീർ പിണക്കം

Wednesday, May 18, 2011

നാടോടി

ചില നാടുകളിൽ നിന്ന്
വിട്ടുപോകാൻ എത്ര
ശ്രമിച്ചാലും ചില
കാലങ്ങളിൽ പറ്റാറില്ല

ചില നാടുകളിലേക്ക് പോകാൻ
എത്ര ശ്രമിച്ചാലും
ചില കാലങ്ങളിൽ
പറ്റാറില്ല

നിനക്ക് എപ്പൊഴും എത്തിപ്പെടാൻ പറ്റുന്ന
നീ വിട്ടുപോകേണ്ടതില്ലാത്ത
ഒരിടമാണ് ഞാൻ

ആജീവനാന്തം

നക്ഷത്രങ്ങൾ കൊണ്ട്
ഞാൻ നിനക്കൊരു മിന്നു കെട്ടിത്തരട്ടെ?

കുയിലുകളുടെ പഞ്ചമം പകർത്തിയൊരു
റിങ്ടോൺ എസ് എം എസ് അയച്ചു തരട്ടെ?

ഏതായാലും
എന്റെ ഹ്രുദയംതുറക്കാനുള്ള പാസ്സ് വേഡ്
ആകാശനീലിമ ചാലിച്ച
ചിത്രമണിത്തൂവാലയിൽ പൊതിഞ്ഞ്
കൊറിയർ അയച്ചിട്ടുണ്ട്

മറുപടി അയക്കണേ!
തിരിച്ചു വിളിക്കണേ!

അപ്പോൾ പ്രണയത്തിന്റെ
റീചാർജ്ജ് ആജീവനാന്തം
അനന്തരം എല്ലാ കോളുകളും
സൗജന്യം

ഇനി

ഇനിയെന്റെ
ദംഷ്ട്രകളൊളിപ്പിച്ചുവെക്കണം
ചുവന്ന കണ്ണുകളല്പം തണുക്കണം
കരാളരൂപത്തിലഴകുചാലിക്കണം
ശബ്ദം നേർപ്പിച്ചു കേൾപ്പിക്കണം
പാപങ്ങൾ തിരിച്ചറിഞ്ഞീടണം
എനിക്കൊരു മനുഷ്യനായ്ത്തീരണം

കറുപ്പ്

കറ പുരണ്ടൊരീ കാലത്തിനാവുമോ
കറ കളഞ്ഞൊരു ഭാഷയെഴുതുവാൻ
കാലമെൻ നേർക്കു കാണിച്ച കണ്ണാടിയിൽ
കണ്ട ഛായകൾ കറുക്കാതിരിക്കുമോ

Friday, April 29, 2011

സോപ്പ്

അഴുക്കു നീക്കണം
അലിഞ്ഞുതീരണം
സുഗന്ധമേറ്റണം
പുനർജനിക്കണം

Saturday, April 16, 2011

നിരാസം

സഹനമാണോ ജീവിതം“?

സ്വന്തം ശിരസ്സൂകൊണ്ട് തന്റെ ശിരസ്സിലേക്ക്
ആഞ്ഞടിച്ചൂകൊണ്ടിരുന്ന ചുറ്റികയോട്
ഇരുമ്പാണി ചോദിച്ചു

“എനിക്കു നിന്നോട് വിരോധമൊന്നുമില്ല
നിന്നെ ചുവരിനകത്തെത്തിക്കുക മാത്രമാണ് എന്റെ ലക്ഷ്യം“

ചുറ്റിക പറഞ്ഞു

ചുവരിനകത്താണ്ടു കിടന്ന്
തല പുറത്തേക്കിട്ട്
ഇരുമ്പാണി പറഞ്ഞു

ഇനി നിനക്കു പോകാം,

അന്യരാകുന്നു നാം തങ്ങളിൽ തങ്ങളിൽ
ശുന്യമാകുന്നോരീ മാനസം പേറുക
കണ്ടുമുട്ടില്ല നാം വീണ്ടുമീയൂഴിയിൽ
കൂട്ടിമുട്ടിക്കാതിരിക്കട്ടെ നിശ്ചയം.


പിന്നീട് ചുറ്റിക ആ ഇരുമ്പാണിയെ കണ്ടിട്ടില്ല

Thursday, April 14, 2011

തരിപ്പ്

ആശങ്കതൻ കരിപൂശിയിജ്ജീവിതം
പല്ലിളിച്ചാർക്കുന്ന നേരം
ആകുലമേതോവരണ്ടകാലത്തിന്റെ
തോറ്റങ്ങളേ കേൾപ്പൂ ചുറ്റും
കേവലം കൊറ്റിനായേതോകിനാക്കിളി
കൊക്കുനീട്ടിക്കരയുന്നു
സ്വച്ഛന്ദസഞ്ചാരിയാ‍മൊരു പേടമാൻ
തോക്കിൻ നിഴൽ കുടിക്കുന്നു
പൂക്കില്ല പൂക്കാതെ മൊട്ടുകൾ ഞെട്ടറ്റു
മുറ്റത്തു പൊട്ടിവീഴുമ്പോൾ
കേഴില്ല കേഴാതെ തൊണ്ടയിൽത്തന്നെയീ
ശബ്ദം മരിച്ചുവീഴുമ്പോൾ
മൌനം പുതച്ച് മനസ്സും തളർന്നൊരെൻ
ജന്മം തരിച്ചിരിക്കുന്നു

Saturday, February 19, 2011

ധർമ്മസങ്കടം

നീണ്ടു നീണ്ടൊരു ചാട്ടൂളി
കണ്ണാലവളെറിയവെ
എറ്റു വാങ്ങുകയല്ലാതെ
മറ്റെന്തുണ്ടിന്നുപോംവഴി

Wednesday, February 16, 2011

അസ്വസ്ഥം

എത്രമേലസ്വസ്ഥമെൻ
ചിത്തവും ശരീരവും
അത്രമേൽ താന്തം കാലം
ചിന്തയും വികാരവും

ഉറക്കം മുറിയുന്നു
ഹൃദയം ചൊരുക്കുന്നു
പറകൊട്ടുന്നൂ:രക്ത-
നാഡികൾ പുകയുന്നു

മനസ്സിൻ കയങ്ങളിൽ
ചുഴിയും മലരിയും
മസ്തിഷ്ക വിഹായസ്സിൽ
ആളുന്നൂ മിന്നൽ‌പ്പിണർ

തരിക സ്വല്പം ശാന്തി
പ്രാർത്ഥനാ ശ്ലോകങ്ങളെ
തരികൊരല്പം ശാന്തി
സുകൃത സങ്കല്പമേ

കുളിപ്പിക്കുകനിന്റെ
ധാരയാൽ സ്സംഗീതമേ
തളരുംതനു,പാപാ-
ത്മാവുമിന്നുണരട്ടെ