Friday, May 28, 2010

എസ്സെമ്മെസ്സ്

എന്റെ ഇൻ ബോക്സ് നിറയെ
നിന്റെ മെസ്സേജുകളായിരുന്നു
എത്രമേൽ ഡിലീറ്റ് ചെയ്തിട്ടും
അവ അരൂപികളായ ചിത്രശലഭങ്ങളെപ്പോലെ
ഇൻ ബോക്സിലേക്കു പറന്നിറങ്ങിക്കൊണ്ടിരുന്നു
ഇനി അവിടെ അടയിരുന്ന് അവ വിരിയിക്കുമായിരിക്കണം
നമ്മുടെ പ്രണയത്തിന്റെ തീവ്ര വസന്തങ്ങളെ

Sunday, May 9, 2010

നീ കവിതയാണെങ്കിൽ

പുലരിയിലെ തുടിമഞ്ഞ്
നിന്നെ തലോടും
ഇളംവെയിൽ മാറിലെച്ചൂടിനാൽ
നിന്നെയുരുക്കും
മലകൾക്ക് നടുവിൽ വിരിഞ്ഞ മഴവില്ല്
നിന്റെ സന്നിധിയിൽ നഗ്നന്രുത്തം ചവിട്ടും
നിന്നെച്ചുറ്റിയൊഴുകും പുഴകൾ
മദാലസകളാകും
കാറ്റ് മുളംകാട്ടിൽ കയറി
മുത്തരഞ്ഞാണമിട്ട ശീലുകളാൽ
നിന്നെ വർണ്ണിക്കും
പ്രപഞ്ചമൊരു ബിന്ദുവിൽ
നിശ്ചലം നിൽക്കും
ജഡകോശങ്ങൾക്ക് ജീവൻ തെഴുക്കും
വനസ്ഥലികളിലെ മൌനം
സംഗീതമായ് പടരും
നിബിഡമാം ബോധാന്ധകാരം
പുലർന്ന് വാക്കിന്റെ
പുരുഷാർത്ഥജ്വാല പിറക്കും
പിന്നെ
നിന്നെയാവിഷ്കരിക്കാൻ
എനിക്ക് കുറഞ്ഞൊരാ
വാക്കുകൾ മാത്രം മതി

ദ്വന്ദം

എനിക്ക് രണ്ടു കണ്ണുകൾ

ഒന്ന് അരാച്ചാരുടെ വന്യതയാർന്നത്
മറ്റൊന്ന് ഒരു കാമുകന്റെ സൌന്ദര്യദാഹമാർന്നത്

എനിക്ക് രണ്ടു കാലുകൾ

ഒന്ന് നിത്യവും പുരാതനമായ
ഗുഹാക്ഷേത്രത്തിലേക്ക് നടത്തുന്നത്
മറ്റൊന്ന് ത്ര്‌ഷ്ണകളുടെ രംഗവേദിക
തിരഞ്ഞ് നടത്തുന്നത്

മനസ്സിന് രണ്ടറകൾ
ഒന്നിൽ സ്വർഗ്ഗീയശാന്തി
മറ്റൊന്നിൽ കലാപ കാലുഷ്യം

രണ്ടു കയ്യുകളൊന്നിൽ
ഭ്രാത്രുഹത്യതൻ കറുത്ത രക്തക്കറ
മറ്റൊന്നിൽ ജപമാല

ഏകത്തിലേക്കിനിയെത്ര ദൂരം

Saturday, May 8, 2010

അന്യോന്യം

എനിക്ക് അന്ത്യോപചാരമർപ്പിക്കാൻ
നീ വന്നെന്നു വരില്ല
നിനക്ക് അന്ത്യോപചാരമർപ്പിക്കാൻ
ഞാനും
കാമത്തിൻ ഇളംചൂടാൽ ശരീരത്തെ വേവിക്കാതെ
ഉപാധികളുടെ തുടലിൽ സമയം കൊരുക്കാതെ
ഹ്രുദയം നിറയെ പ്രണയവുമായി ജീവിച്ച
നമ്മൾക്കിടയിൽ എന്തിനാണ്
മരണത്തിന്റെ മതിലുകൾ