Friday, November 5, 2010

കുര്യച്ചൻ പറഞ്ഞ കവിത

കുര്യച്ചനെ തിരഞ്ഞു ചെന്നപ്പോൾ
ഒരു കുളം വൃത്തിയാക്കുന്ന
വൃത്തിയിലായിരുന്നു അയാൾ

കാര്യം പറഞ്ഞപ്പോൾ
കരക്കു കേറി വന്നു
വിയർപ്പും വെള്ളവും
വടിച്ചെറിഞ്ഞു
ചിന്മുദ്രാങ്കിതയോഗസമാധിയിലിരുന്നു


സുദീർഘമായ കാവ്യസംഭാഷണത്തിനൊടുവിൽ
കുര്യച്ചൻ കവിത പറഞ്ഞു

"ഞാൻ വൈക്കത്തപ്പനാണ്‌.
വൈക്കത്തപ്പൻ ശിവനാണ്‌
നിങ്ങളുദ്ദേശിക്കുന്നതുപോലെ
കാലിന്റെടെയിലെ ശിവനല്ല"

Saturday, October 16, 2010

അഭിനവം

ആഴ്ച്ചക്കു രണ്ടു ഹർത്താലുവേണം
കാഴ്ച്ച്ക്കു വാർത്തക്കു ചോരവേണം
കാഴ്ച്ചക്കു വാർത്തക്കു ചോര ചിന്താൻ
അദ്ധ്യാപകന്റെ കൈ വെട്ടി മാറ്റാം

പേന

കാലഭിത്തിയിൽ കോറി
മാഞ്ഞുപോകലേ ജന്മം
കാലഭിത്തിയിൽ തട്ടി
തേഞ്ഞുപോകലേ ജന്മം

എഴുത്ത് ,മറവി ,നഗ്നത, ജീവിതം.

ജീവിതം ഒരു തീരാവേദനയാണ്.വേദന ഒരു ശീലമായിത്തീരുന്നു
പിന്നീട് ആ വേദന ഒരു ലഹരിയാവുന്നു.അങ്ങനെ വേദനാ നിർഭരമായി ജീവിതം മുന്നോട്ടു പോകുന്നുഅതിനിടയിൽ സംഭവിക്കുന്ന കൊച്ചു കൊച്ചു മറവികൾ പിൽക്കാലത്തെ ഓർമ്മകളായിത്തീരുന്നു.ആ ഓർമ്മകൾ കവിതകളാകുന്നു.അങ്ങനെ മറന്നും ഓർമ്മിച്ചും കണ്ടെടുക്കപ്പെട്ടവയാണ് എന്റെ കവിതകൾ.ഓർമ്മകൾ പോലെത്താന്നെ ശക്തമായ പങ്ക് വഹിക്കുന്നവയാണ് മറവികളും.മറവിയില്ലെങ്കിൽ പിന്നെ ഓർമ്മയില്ലല്ലോ.ഒരു മാന്ദ്യകാലത്തിന്റെ എല്ലാ ആസുരതകളും പേറിയാണ് ഞാനും ജീവിക്കുന്നത്.അത് എന്നെ നിരന്തരം തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നുണ്ട്.എങ്കിലും എഴുതാതിരിക്കുവാൻ വയ്യ.എഴുത്തുകാരനാവുക എന്നാൽ സ്വയം അപഹാസ്യനാവുക എന്നൊന്നുണ്ട്.
ആത്മാർത്ഥമായ എഴുത്ത് സ്വയം നഗ്നനായി സമൂഹത്തിനു മുൻപിൽ വെളിപ്പെടുന്നപോലെയാണ്.കൃത്യമായ സ്വത്വം വെളിപ്പെടുത്താതെ എഴുതുക സാധ്യമല്ലല്ലോഅപ്പോൾ വായനക്കാരുടെ മുൻപിൽ മറയില്ലാത്ത വാക്കുകളിലൂടെ പ്രത്യക്ഷപ്പെടാതെ വയ്യ.അങ്ങനെ എഴുതപ്പെടേണ്ടതെന്തോ അതെഴുതുവാൻ വിധിക്കപ്പെട്ടവനാണ് എഴുത്തുകാരൻ.അങ്ങനെ കേവലത്വത്തിലേക്കുള്ള ധ്യാനസമ്പുഷ്ടതയിൽ നിന്നുള്ള ഒരു പിടി വാക്കുകളായിരിക്കണം എഴുത്ത്.അതുതന്നെയായിരിക്കണം അവന്റെ വേദനാനിർഭരമായ ജീവിതവും

Friday, October 15, 2010

ബലാൽ

രാത്രിയുടെ അരങ്ങിൽ
നിഴലും നിലാവും ചേർന്നവതരിപ്പിച്ച
ഇരുട്ടിന്റെ ജുഗൽബന്ദി
ജനലോരത്തേക്ക് കട്ടിലടുപ്പിച്ചിട്ട്
കിടന്ന് കണ്ടു രസിക്കെ
കാറ്റ് വന്ന് പ്രലോഭനത്തിന്റെ
മന്ത്രം ചെവിയിൽ പറഞ്ഞതും
കണ്ണ് പൊത്തിപ്പിടിച്ചതും ഓർമ്മ
ബോധത്തിന്റെ തിരി താഴ്ത്തിയതാരായിരിക്കണം
ഇരുട്ടോ സ്വപ്നമോ നിദ്രയോ
പിന്നീട് ഓർമ്മ വന്നപ്പോൾ
കണ്ണ് തുറന്നപ്പോൾ
ദേഹമാസകലവും
മഴയുടെ ദംശനമുദ്രകൾ
നീലിച്ച നീറ്റൽത്തുരുത്തുകൾ
ചുണ്ടിൽ മാറിൽ നാഭിയിൽ
അരക്കെട്ടിൽ നിന്നൊക്കെ
പറന്നു പൊങ്ങുന്ന മിന്നാമിന്നികൾ
എന്തിനാണ് മഴയും മിന്നലും ചേർന്ന്
ക്രൂരമായി
എന്നെയിങ്ങനെ ................

കെ.എസ്.ആർ.ടി.സിക്ക് ഹ്രുദയപൂർവ്വം

പുറകിലത്തെ വാതിലിന്നടുത്തുള്ള സീറ്റിൽ
“കണ്ടക്ടറും അന്ധനും”
കണ്ടക്ടർക്കൊപ്പം പക്ഷെ അന്ധനല്ല
ആർത്തിക്കു കണ്ണു വച്ചിരിക്കുന്നു
അതിനുതൊട്ടുമുൻപിലെ സീറ്റിൽ
“വികലാംഗനല്ല”
സർവാംഗകാമരൂപന്മാർ
സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാരാണ്.
ഡ്രൈവർക്ക് ധ്രുതിയില്ല
റോഡിന്റെ പരിത:സ്ഥിതികളോട്
സന്ധി ചെയ്തതാവാം കാരണം
ടൌൺ ടു ടൌൺ പ്രയാണത്തിനിടക്കെവിടെയെങ്കിലും
വച്ച് ഒന്നു പഞ്ചറായാൽ പിന്നെ
യാത്രക്കാർക്കാർക്കും ബസ്സിനും
ഒരുപോലെ ഗതിമുട്ടിയതു തന്നെ.

Sunday, October 10, 2010

സാമ്പ്രാണി

കനലെരിഞ്ഞുകത്തും ശിരസ്സ്
ഉയർന്നു തന്നെയിരിക്കണം
പ്രാണവായുവെയുരുക്കി വെളുത്ത
പുക ചുറ്റിലും സുഗന്ധമായ് നിറക്കണം
എരിഞ്ഞു തീരലേ ജന്മം
പൊരിഞ്ഞു പൊരിഞ്ഞുള്ള മരണം

പുസ്തകപ്രകാശനം

സന്തോഷ് നെടുങ്ങാടിയുടെ രണ്ടാമത് കവിതാ സമാഹാരമായ പിച്ചും പേയും ഒക്റ്റോബർ 2നു പാലക്കാട് എം.ഡി.രാമനാഥൻ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ശ്രീ.മുണ്ടൂർ സേതുമാധവൻ കവി പി.പി.രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു.കലാമണ്ഡലം മുൻ സെക്രട്ടറി എൻ.രാധാക്ര്‌ഷ്ണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.പി.മുരളി, കവി പി.രാമൻ, സ്വരലയ സെക്രട്ടറിയും കൈരളി ടി.വി. ഡയറക്ടറുമായ ശ്രീ.ടി.ആർ.അജയൻ, എഴുത്തുകാരൻ ശ്രീ. മോഹൻ ദാസ് ശ്രീക്രിഷ്ണപുരം, കവിയത്രി ജോതിബായ് പരിയാടത്ത് , സപര്യ സെക്രട്ടറി പവിത്രൻ ഓലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു

Friday, May 28, 2010

എസ്സെമ്മെസ്സ്

എന്റെ ഇൻ ബോക്സ് നിറയെ
നിന്റെ മെസ്സേജുകളായിരുന്നു
എത്രമേൽ ഡിലീറ്റ് ചെയ്തിട്ടും
അവ അരൂപികളായ ചിത്രശലഭങ്ങളെപ്പോലെ
ഇൻ ബോക്സിലേക്കു പറന്നിറങ്ങിക്കൊണ്ടിരുന്നു
ഇനി അവിടെ അടയിരുന്ന് അവ വിരിയിക്കുമായിരിക്കണം
നമ്മുടെ പ്രണയത്തിന്റെ തീവ്ര വസന്തങ്ങളെ

Sunday, May 9, 2010

നീ കവിതയാണെങ്കിൽ

പുലരിയിലെ തുടിമഞ്ഞ്
നിന്നെ തലോടും
ഇളംവെയിൽ മാറിലെച്ചൂടിനാൽ
നിന്നെയുരുക്കും
മലകൾക്ക് നടുവിൽ വിരിഞ്ഞ മഴവില്ല്
നിന്റെ സന്നിധിയിൽ നഗ്നന്രുത്തം ചവിട്ടും
നിന്നെച്ചുറ്റിയൊഴുകും പുഴകൾ
മദാലസകളാകും
കാറ്റ് മുളംകാട്ടിൽ കയറി
മുത്തരഞ്ഞാണമിട്ട ശീലുകളാൽ
നിന്നെ വർണ്ണിക്കും
പ്രപഞ്ചമൊരു ബിന്ദുവിൽ
നിശ്ചലം നിൽക്കും
ജഡകോശങ്ങൾക്ക് ജീവൻ തെഴുക്കും
വനസ്ഥലികളിലെ മൌനം
സംഗീതമായ് പടരും
നിബിഡമാം ബോധാന്ധകാരം
പുലർന്ന് വാക്കിന്റെ
പുരുഷാർത്ഥജ്വാല പിറക്കും
പിന്നെ
നിന്നെയാവിഷ്കരിക്കാൻ
എനിക്ക് കുറഞ്ഞൊരാ
വാക്കുകൾ മാത്രം മതി

ദ്വന്ദം

എനിക്ക് രണ്ടു കണ്ണുകൾ

ഒന്ന് അരാച്ചാരുടെ വന്യതയാർന്നത്
മറ്റൊന്ന് ഒരു കാമുകന്റെ സൌന്ദര്യദാഹമാർന്നത്

എനിക്ക് രണ്ടു കാലുകൾ

ഒന്ന് നിത്യവും പുരാതനമായ
ഗുഹാക്ഷേത്രത്തിലേക്ക് നടത്തുന്നത്
മറ്റൊന്ന് ത്ര്‌ഷ്ണകളുടെ രംഗവേദിക
തിരഞ്ഞ് നടത്തുന്നത്

മനസ്സിന് രണ്ടറകൾ
ഒന്നിൽ സ്വർഗ്ഗീയശാന്തി
മറ്റൊന്നിൽ കലാപ കാലുഷ്യം

രണ്ടു കയ്യുകളൊന്നിൽ
ഭ്രാത്രുഹത്യതൻ കറുത്ത രക്തക്കറ
മറ്റൊന്നിൽ ജപമാല

ഏകത്തിലേക്കിനിയെത്ര ദൂരം

Saturday, May 8, 2010

അന്യോന്യം

എനിക്ക് അന്ത്യോപചാരമർപ്പിക്കാൻ
നീ വന്നെന്നു വരില്ല
നിനക്ക് അന്ത്യോപചാരമർപ്പിക്കാൻ
ഞാനും
കാമത്തിൻ ഇളംചൂടാൽ ശരീരത്തെ വേവിക്കാതെ
ഉപാധികളുടെ തുടലിൽ സമയം കൊരുക്കാതെ
ഹ്രുദയം നിറയെ പ്രണയവുമായി ജീവിച്ച
നമ്മൾക്കിടയിൽ എന്തിനാണ്
മരണത്തിന്റെ മതിലുകൾ

Sunday, January 10, 2010

വിരുദ്ധം

ചിമ്മിത്തുറക്കുന്നൊരായിരം കണ്ണുമായ്
തുള്ളിതുളുമ്പിയീരാത്രി നില്കെ
ഈ ലോകമെങ്ങും വെളിച്ചം കൊളുത്തുന്ന

വെള്ളിപ്രഭാതത്തെയോർത്തുപോയ് ഞാൻ

രാഗാർദ്രചന്ദ്രപ്രഭാവം പരത്തുന്ന
നീലനിലാവിനെ കൈതൊടുമ്പോൾ
തീക്ഷ്ണമാം തീക്കൈകൾകൊണ്ടുപുണരുന്ന
ക്രുദ്ധനാം സൂര്യനെയോർത്തുപോയ് ഞാൻ

Friday, January 8, 2010

ചില നിർവ്വചനങ്ങൾ

വെളിച്ചത്തെ നിർവ്വചിക്കുവാൻ
ഇരുട്ടിനോളം കഴിയില്ല നിഴലുകൾക്ക്

മരണത്തെ നിർവ്വചിക്കുവാൻ
ദു.ഖമല്ല ജീവിതം തന്നെയാണ് നല്ലത്
നോക്കൂ വിരഹം കടഞ്ഞെടുത്ത
പ്രണയങ്ങൾക്ക് എന്തു മിഴിവാണ്




എന്നെ നിർവചിക്കുവാൻ
നിന്നോളമാവുമോ ലോകത്തിന്

നമ്മുടെ നിർവ്വചനം
എഴുതിവാങ്ങുവാൻ
നാളെ വിളിക്കുമായിരിക്കും
ലോകം നമ്മുടെ മക്കളെ