Monday, October 1, 2007

പ്രണയത്തെക്കുറിച്ച് ഒരു പവര്‍ പോയിന്റ് പ്രെസെന്റേഷന്‍

സ്ലൈഡ്-1

അയലത്തെ തൊടിയില്‍
അനക്കവും ആളുമില്ലാതെ
തരിച്ചു കിടക്കുന്ന പകല്‍

പതുങ്ങിച്ചെന്ന്
വീണുകിടക്കുന്ന
മാമ്പഴം പെറുക്കി
തിരിച്ചു വരുമ്പോള്‍
നീ എന്നോട് പറഞ്ഞത്
ഇഷ്ടമാണ് എന്നാണ്
മാമ്പഴമോ എന്ന് ഞാന്‍
എന്നെയെന്നത് സത്യം

സ്ലൈഡ്-2
കോളേജ് ലൈബ്രറിയുടെ
ആളൊഴിഞ്ഞ കോണില്‍
പെയ്തലയ്ക്കുന്ന മൌനം

എന്റെ ഓട്ടോഗ്രാഫ്
പുസ്തകത്തില്‍ നിന്റെ
കൈയ്യൊപ്പ്
ഒപ്പം നീ കുറിച്ചിട്ടത്
ആരുടെ കവിതയാണ്.

സ്ലൈഡ്-3

ഉദരപൂരണത്തിനായി കാലം
കഴുത്തില്‍ ടൈ കെട്ടിച്ചു

സേല്‍സ് റെപ്പിന്റെ ബാഗും
ബൈക്കിന്റെ ലോണ്‍ മുരള്‍ച്ചയും
തന്നു

പാഞ്ഞുപോകുമ്പോള്‍
സ്റ്റോപ്പില്‍ ബസ്സ് കാത്ത് നീ

വണ്ടി തിരിച്ച് വന്നപ്പോഴേക്കും
നിന്നെയും കൊണ്ട് കുതിച്ച
ബസ്സിന്റെ പുക
മുഖത്ത് കൊളാഷ് വരക്കുന്നു.

സ്ലൈഡ്-4

സുഹൃത്തിന്റെ വിവാഹച്ചടങ്ങ്
(സൌഹൃദത്തിന്റെ വിടവാങ്ങല്‍ ചടങ്ങ്)
അര്‍ത്ഥശൂന്യത നിറച്ചുണ്ട്
കൈ കഴുകി പൂറത്തു വന്നപ്പോള്‍
ഭര്‍ത്താവിനൊപ്പം നീ.

തേഞ്ഞുണങ്ങിയ ചിരി...........

പ്രണയത്തെക്കുറിച്ചുള്ള
പവര്‍ പോയിന്റ് പ്രെസെന്റേഷന്‍
ഇവിടെ അവസാനിക്കുമോ?

നന്ദി(കേട്)

1 comment:

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

സുഹ്രുത്തിന്റെ വിവാഹച്ചടങ്ങ്
(സൌഹ്രുദത്തിന്റെ വിടവാങ്ങല്‍ ചടങ്ങ്)

:) powerpoint presentation deleytime ethraya santhosh?slides thaane fadeout aavumo?