Monday, October 1, 2007

ഓര്‍മ്മജാലകം

പാതിരാ‍വിലേക്കോര്‍മ്മതന്‍ ജാലക
വാതില്‍ മെല്ലെ തുറന്നു വെച്ചീടവെ
ദു:ഖരാഗം പടര്‍ത്തുവാനെത്തുന്നു
നേര്‍ത്തമഞ്ഞും നിശാപുഷ്പ ഗന്ധവും
നിന്‍ ചിരികളും പോയ പൂക്കാലവും
കാതില്‍ വീണ രാപ്പാടി തന്‍ ഗാനവും
പൂനിലാവിന്റെയുമ്മറത്തന്നു നിന്‍
നീള്‍ മിഴികള്‍ യാത്ര ചോദിച്ചതും
പിന്നെ വേര്‍പാടിന്‍ കനല്‍ കുടിച്ചു നാ-
മന്യരേപ്പോലകന്നു പുലര്‍ന്നതും
പ്രണയമുളളില്‍ കാത്തു സൂക്ഷിക്ക നാം
വിരഹദീര്‍ഘമെങ്കിലും ജീവിതം
ഹ്രുദയജാലകം കൊട്ടിയടച്ചു
ഞാനല്പ നേരം നിദ്ര ധ്യാനിക്കവേ
പേക്കിനാവുകള്‍ ചീറി വന്നോര്‍മ്മതന്‍
നാഡി ബന്ധം കടിച്ചുമുറിക്കുന്നു