ടിക്കറ്റെടുത്തു പ്ലാറ്റ് ഫോമിൽ ട്രെയിനും കാത്തു നിൽക്കവേ
കണ്ണുടക്കിപ്പോയ് എഴുത്തിൽ മുമ്പിൽ വച്ചൊരു ബോർഡതിൽ
“എഞ്ചിൻ നിൽക്കാതെ യാത്രക്കാർ ഇറങ്ങുന്നാതാപൽക്കരം”
അനുശാസിപ്പതീവണ്ണം റെയിൽസ്റ്റേഷനധികൃതർ
ബോർഡുകൾക്കില്ലാ പഞ്ഞം അനുശാസനകളും തഥാ
എന്നിട്ടെന്തു നമുക്കൊക്കെ നിവരില്ലല്ലോ പട്ടി വാൽ
ഓടിക്കൊണ്ടിരിക്കെത്തന്നെ ചാടിയിറങ്ങുന്നൂ ചിലർ
ഓട്ടം നിലയ്ക്കുകിൽപ്പോലും ഇറങ്ങുന്നില്ലല്ലോ ചിലർ
നിത്യമുള്ളോരിസർവ്വീസ്സിൽ കേറാൻ ധാരാളമാളുകൾ
എല്ലാവരും കയറുന്നതവരോർക്കുള്ള ക്രമങ്ങളിൽ
മുന്നിലെ ട്രാക്കിലായ് വന്നു വണ്ടി നിന്നു കിതക്കുന്നു
രണ്ടു മൂന്നു മിനിട്ടോളം നിൽപ്പുണ്ടിതിനീ സ്റ്റേഷനിൽ
ചോപ്പു കാണുമ്പൊഴേ നിർത്താം പച്ച കാൺകിൽ കുതിക്കണം
പച്ചയും ചോപ്പുമാണല്ലോ പ്രയാണ നിയമാവലി
സിഗ്നൽപ്പച്ച ചിരിച്ചപ്പോൾ ലോഹസർപ്പം ചലിക്കയായ്
മെല്ലെയാ താളം മുറുകീ നേർത്തു നേർത്തൊരു മൂളലായ്
അജ്ഞാതനാണെനിക്കാ ഡ്രൈവർ എഞ്ചിൻ പായിക്കുവോനവൻ
എങ്കിലും ഞാനിരിക്കുന്നൂ വിശ്വാസത്തിന്റെ ബോഗിയിൽ
ഝടുതിയിൽ പിന്നോട്ടോടി മായുന്നു വാർപ്പു വീടുകൾ
മരങ്ങൾ പാടങ്ങൾ ഗ്രാമ വീഥികൾ, പുഴ, പട്ടണം
ആളുകൾ തിങ്ങുമീ സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കവേ
വിശപ്പിന്റെ വിളികൾ മുന്നിൽ ഘോഷയാത്രയിലെന്നപോൽ
അകലെ സിറ്റിയിലോഫീസിൽ ജോലിചെയ്യുന്ന സ്റ്റാഫുകൾ
മൊബൈലും ലാപ്പുമേന്തുന്ന സെയിൽസ് എക്സിക്കൂട്ടീവുകൾ
വിഷാദത്തിൻ ശ്രുതിയേറ്റി വിലാപസ്വരമാധുരി
പഴയ ഹാർമ്മോണിയം മീട്ടി തൂവുന്നൂ കൊച്ചു ഗായിക
പുസ്തകം വിൽക്കുവാൻ വന്നു പ്രസംഗിക്കുന്നു വേറൊരാൾ
പൊള്ളിയ വദനം കാട്ടി ഭിക്ഷ ചോദിപ്പു മറ്റൊരാൾ
നിശ്വാസം തിങ്ങുമീ സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കിലും
കാഴ്ച്ചയും കേൾവിയും കെട്ടിട്ടൊറ്റക്കാവുന്നു മാനസം
ദ്രുഷ്ടിയെത്താത്ത ദൂരത്തേ ക്കുറ്റുനോക്കിയിരിക്കവേ
മനസ്സിന്റെ മുറിപ്പാടിൽ അമ്ലംതേക്കുന്നിതോർമ്മകൾ
വേണ്ട ഓർക്കേണ്ട ഒന്നുമേ യാത്രയാവട്ടെ നോവുകൾ
പതിയെ കണ്ണുകൾ പൂട്ടി ഞാനിരുന്നു മയക്കമായ്
ഓടുന്ന വണ്ടിയിൽ നിന്നു ചാടാൻ കൊതിയില്ലെങ്കിലും
സ്റ്റേഷനെത്തുമ്പോളിറങ്ങി പ്പോകാതെ തരമെങ്ങനെ
അധികം നീളമില്ലാത്ത സമാന്തര പഥങ്ങളിൽ
കൂട്ടിമുട്ടാതെ പായുന്ന അന്ധവേഗങ്ങളല്ലി നാം
ഇമതല്ലി മിഴിക്കുമ്പോൾ തീർന്നുപോകുന്നു യാത്രകൾ
ഞാനിറങ്ങിലുമില്ലെന്നാകിലു മീ വണ്ടി നീങ്ങണം
എത്തി നിൽക്കുമ്പൊഴീസ്റ്റോപ്പിൽ ഞാനേയുള്ളൂ ഇറങ്ങുവാൻ
എല്ലാവരുമിറങ്ങിപ്പോയ് അവരോർക്കുള്ള സ്റ്റേഷനിൽ
No comments:
Post a Comment