കാലം മുൻ
കാലിലൂന്നി
ഒരു കവർ ഡ്രൈവ് പായിക്കുമ്പോൾ
(സച്ചിൻ ടെൻഡുൽക്കർക്ക് )
ഓരോ സെഞ്ച്വറിയിലും
നീ കൊത്തി വച്ചത്
വരാനിരിക്കുന്ന
നൂറ്റാണ്ടുകളുടെ
അനശ്വരതയാണ്
പോർച്ചട്ടയണിഞ്ഞ്
സൂര്യനെ നമിച്ച്
ബാറ്റായുധനായി
നീ
22 അടി നിലപാടുതറയിൽ
തുകൽപ്പന്തു ചാവേറുകൾ
തക്കാളി കണക്ക് തുടുത്ത
ഒരു തുകൽ പന്തിനെ
ഭൂഖണ്ട സീമകളിലേക്ക്
നീ അടിച്ചകറ്റുന്ന ലാഘവം
കാണികളിൽ ആവേശം വിതക്കുന്നു
ആ പന്തിന്റെ പ്രയാണം
നിലക്കുന്നിടത്ത്
നിന്റെ അശ്വമേധം
ആരംഭിക്കുന്നു
വൃത്തവും അലങ്കാരവും
അഴിഞ്ഞ്
ആവേശത്തിൻ പരകോടിയിൽ
നിന്റെ യൌവനം
ഗ്യാലറികൾക്ക് തീ വെക്കുന്നു
സിരകളിൽ
കവിതയും
പൈത്രുകവുമുള്ള
നിന്റെ ബാറ്റ്
ഒരൊളിമ്പസ്സ് പർവ്വതം
നീ തിസ്സ്യൂസ്സ്
ഓരൊ സെഞ്ച്വറിക്കൊടുവിലും
തോൽപ്പിക്കപ്പെട്ട
ഒരു ജനത ഉയിർത്തെഴുനേൽക്കുന്നു
നിന്റെ വിക്കറ്റ് നഷ്ടം
ഒരു രാഷ്ട്രത്തിന്റെ നെടുവീർപ്പ്
No comments:
Post a Comment