Thursday, November 22, 2007

കവിതയുടെ നാനാര്‍ത്ഥങ്ങള്‍

കവിതയില്‍ ചാഞ്ഞിരിക്കാം
ചെരിഞ്ഞിരിക്കാം
മലര്‍ന്നുകിടന്ന്
നീലാകാശം കാണാം
കവിത സ്വാതന്ത്ര്യപ്രഖ്യാപനമാണ്

ബോംബ് വര്‍ഷിക്കപ്പെടുന്ന
ആകാശങ്ങളില്‍ നിന്ന്
യുദ്ധക്കെടുതികളില്‍ നിന്ന്
പലായനം ചെയ്യാന്‍
വിധിക്കപ്പെടുന്ന
ജനതകള്‍ക്ക്
കവിത ഒരു നീണ്ട നിലവിളിയാണ്

ചോര തളം കെട്ടിനില്‍ക്കുന്ന
മനുഷ്യമാംസം മണക്കുന്ന
തെരുവുകളില്‍
കവിത രതിയും സ്വപ്നവും
പ്രണയവുമാകുന്നതെങ്ങനെ

കവിത അതിജീവനത്തിന്റെ
അതിഭീകരമായ
ഉണങ്ങാത്ത മുറിവുകളായിരിക്കണം

ക്ഷണം

നരകതീര്‍ത്ഥം
ഭുജിക്കുവാന്‍ ഇന്നലെ
ചെകുത്താന്‍മാര്‍
എന്നെ ക്ഷണിച്ചിരുന്നു

സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള
പ്രഭാഷണം കേള്‍ക്കുവാന്‍
മാലഖമാരും

ഭൂമിയിലെ മുള്ളുകളിലേക്ക്
ഇറങ്ങി ഞാന്‍ നടന്നു