Saturday, October 16, 2010

എഴുത്ത് ,മറവി ,നഗ്നത, ജീവിതം.

ജീവിതം ഒരു തീരാവേദനയാണ്.വേദന ഒരു ശീലമായിത്തീരുന്നു
പിന്നീട് ആ വേദന ഒരു ലഹരിയാവുന്നു.അങ്ങനെ വേദനാ നിർഭരമായി ജീവിതം മുന്നോട്ടു പോകുന്നുഅതിനിടയിൽ സംഭവിക്കുന്ന കൊച്ചു കൊച്ചു മറവികൾ പിൽക്കാലത്തെ ഓർമ്മകളായിത്തീരുന്നു.ആ ഓർമ്മകൾ കവിതകളാകുന്നു.അങ്ങനെ മറന്നും ഓർമ്മിച്ചും കണ്ടെടുക്കപ്പെട്ടവയാണ് എന്റെ കവിതകൾ.ഓർമ്മകൾ പോലെത്താന്നെ ശക്തമായ പങ്ക് വഹിക്കുന്നവയാണ് മറവികളും.മറവിയില്ലെങ്കിൽ പിന്നെ ഓർമ്മയില്ലല്ലോ.ഒരു മാന്ദ്യകാലത്തിന്റെ എല്ലാ ആസുരതകളും പേറിയാണ് ഞാനും ജീവിക്കുന്നത്.അത് എന്നെ നിരന്തരം തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നുണ്ട്.എങ്കിലും എഴുതാതിരിക്കുവാൻ വയ്യ.എഴുത്തുകാരനാവുക എന്നാൽ സ്വയം അപഹാസ്യനാവുക എന്നൊന്നുണ്ട്.
ആത്മാർത്ഥമായ എഴുത്ത് സ്വയം നഗ്നനായി സമൂഹത്തിനു മുൻപിൽ വെളിപ്പെടുന്നപോലെയാണ്.കൃത്യമായ സ്വത്വം വെളിപ്പെടുത്താതെ എഴുതുക സാധ്യമല്ലല്ലോഅപ്പോൾ വായനക്കാരുടെ മുൻപിൽ മറയില്ലാത്ത വാക്കുകളിലൂടെ പ്രത്യക്ഷപ്പെടാതെ വയ്യ.അങ്ങനെ എഴുതപ്പെടേണ്ടതെന്തോ അതെഴുതുവാൻ വിധിക്കപ്പെട്ടവനാണ് എഴുത്തുകാരൻ.അങ്ങനെ കേവലത്വത്തിലേക്കുള്ള ധ്യാനസമ്പുഷ്ടതയിൽ നിന്നുള്ള ഒരു പിടി വാക്കുകളായിരിക്കണം എഴുത്ത്.അതുതന്നെയായിരിക്കണം അവന്റെ വേദനാനിർഭരമായ ജീവിതവും

No comments: