Sunday, May 9, 2010

നീ കവിതയാണെങ്കിൽ

പുലരിയിലെ തുടിമഞ്ഞ്
നിന്നെ തലോടും
ഇളംവെയിൽ മാറിലെച്ചൂടിനാൽ
നിന്നെയുരുക്കും
മലകൾക്ക് നടുവിൽ വിരിഞ്ഞ മഴവില്ല്
നിന്റെ സന്നിധിയിൽ നഗ്നന്രുത്തം ചവിട്ടും
നിന്നെച്ചുറ്റിയൊഴുകും പുഴകൾ
മദാലസകളാകും
കാറ്റ് മുളംകാട്ടിൽ കയറി
മുത്തരഞ്ഞാണമിട്ട ശീലുകളാൽ
നിന്നെ വർണ്ണിക്കും
പ്രപഞ്ചമൊരു ബിന്ദുവിൽ
നിശ്ചലം നിൽക്കും
ജഡകോശങ്ങൾക്ക് ജീവൻ തെഴുക്കും
വനസ്ഥലികളിലെ മൌനം
സംഗീതമായ് പടരും
നിബിഡമാം ബോധാന്ധകാരം
പുലർന്ന് വാക്കിന്റെ
പുരുഷാർത്ഥജ്വാല പിറക്കും
പിന്നെ
നിന്നെയാവിഷ്കരിക്കാൻ
എനിക്ക് കുറഞ്ഞൊരാ
വാക്കുകൾ മാത്രം മതി

1 comment:

Unknown said...

താങ്കളുടെ ബ്ലോഗ്‌ ഞങ്ങള്‍ സന്ദര്‍ശിച്ചു. മലയാള ഭാഷാ സ്നേഹികളുടെ കൂട്ടായ്മയ്ക്കായി മലയാള ഭാഷാ അധ്യാപകരായ ഞങ്ങള്‍ ആരംഭിച്ച ബ്ലോഗാണ് www.schoolvidyarangam.blogspot.com. ഇതിലേക്ക് താങ്കളുടെ കവിതകള്‍ അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.