Sunday, October 28, 2012

ബാന്ധവം




നക്ഷത്ര ഖചിതേ രാവേ
കടന്നിങ്ങോട്ടിരിക്കുക
ഏറെ നേരം കാത്തു നിന്നു
തളർന്നോ പദതാരുകൾ
നിന്റെ യീ മേനിയിൽ തള്ളി
തുളുമ്പും ദിവ്യ യൌവ്വനം
ക്ഷണിപ്പൂ ഉത്സവത്തിന്നായ്
വരൂ നീ നിശാദേവതേ

എന്റെ യീ കാവ്യഗാരത്തിൻ
വാതിലും ജാലകങ്ങളും
വെക്കം കൊട്ടിയടക്കട്ടെ
കട്ടിലിൽ നീയിരിക്കുക
ഉണരുന്നു വികാരത്താൽ
അന്തരിന്ദ്രിയ ചോദന
അഗ്നിയേറ്റുന്നു ബോധത്തിൽ
അളവാർന്നൊരു പെണ്ണുടൽ

താഴ്ത്തി വെക്കട്ടെ വേഗം ഞാൻ
എന്റെ ചിന്താ ചിരാതുകൾ
സംഭ്രമിപ്പിക്കുന്നുവല്ലോ
നിന്റെ മുല്ലച്ചിരിക്കനം
മേനികൂട്ടുവാനല്പം തീ
പകർന്നൂ ഞാൻ സിരകളിൽ
മദിപ്പിക്കുന്നു മദ്യത്തിൻ
മുഗ്ദമാദക ചുംബനം

നിന്റെ യീ മേനിയിൽ തള്ളി
തുളുമ്പും ദിവ്യ യൌവ്വനം
നിലാവാടയഴിക്കാം ഞാൻ
എന്തു നീ കണ്ണടച്ചുവോ
മെല്ലെയെൻ കൈകളാൽ പുൽകി
ചേർത്തു നെഞ്ചോടണക്കവേ
നക്ഷത്ര ഖചിതേ നിന്റെ
വാർകുഴൽ ഗന്ധമേറ്റുവോ
അതിൽ നീന്തി രമിക്കുന്നോ
ഞാനുമെന്നനുഭൂതിയും
കാവ്യഗാന സരിത്താർന്നോ
രെന്നിലെ നിത്യ കാമുകൻ
എന്നെയാകെ ഗ്രസിക്കുന്നു
നിന്റ്റെ കണ്ണിന്റെ നീലിമ
എന്റെ പച്ചപ്പു തേടുന്നു
നിന്നിലെ കാട്ടു വള്ളികൾ

മസ്തിഷ്കത്തിലുലാവുന്നു
വാസന്ത പുളകോദ്ഗമം
വർണ്ണ വിസ്ഫോടനം തീർത്തൂ
മഴവില്ലു മുറിഞ്ഞ പോൽ
മഹാധമനിയിൽ തിങ്ങി
ഗർജ്ജിപ്പൂ രക്ത്ത വന്യത
മാംസബിന്ദുക്കളിൽ കൊട്ടീ
ആദിതാളലയങ്ങളായ്

നീണ്ടു പോം പാതകൾ തന്നെ
കാമദത്തിരമാലകൾ
വേലിയേറ്റങ്ങളും പിന്നെ
ഇറക്കങ്ങളുമൊന്നു പോൽ
അജ്ഞാത മൊരാനന്ദത്താൽ
ആത്മാവു മദിക്കവേ
കലാശക്കൊട്ടു തീരുന്നു
ഒഴിഞ്ഞൂ രംഗവേദിക

മന്ദ്ര മാധുര്യാലസയാൽ
മയങ്ങിപ്പോയൊട്ടു ഞാൻ
ഉണർന്നെണീറ്റപ്പോഴേക്കും
പുലർന്നേറെക്കഴിഞ്ഞു പോയ്