Monday, January 21, 2008

കാലം കയറ്റിത്തന്ന കഠാരപ്പിടി

കാലം മുതുകത്ത് കുത്തിക്കയറ്റി ഊരാതെ നിര്‍ത്തിയ കഠാരിക്ക് ജീവിതം എന്നും പേരുണ്ട്.ഇടക്ക് ആ കഠാരി സ്വയം വലിച്ചൂരിപ്പിടിച്ചുകൊണ്ടും കുത്തികയറ്റിക്കൊണ്ടും നടക്കേണ്ടിവരാറുണ്ട്.അപ്പോള്‍ കിനിയുന്ന ആ ചുവന്ന ദ്രാവകമുണ്ടല്ലൊ ചോര ആ‍ഹ്....... അതിനു കവിതയെന്ന മറ്റൊരു വിളിപ്പേരു കൂടിയിട്ടിട്ടുണ്ട് ഞാന്‍.അങ്ങനെ ഈ കഠാരപ്പിടി മീട്ടി ഞാന്‍ പാടുന്നു.മേല്‍പ്പറഞ്ഞ ഈ കഠാരപ്പിടി കൃത്യം മുതുകത്തുതന്നെയായതുകൊണ്ട് ഒരു പുഞ്ചിരികൊണ്ട് മറച്ച് പിടിക്കാന്‍ കഴിയാറുണ്ട്.ഇപ്പോള്‍ വന്ന് വന്ന് ഈ കഠാരപ്പിടി മീട്ടാതെ വയ്യെന്നായിരിക്കുന്നു.കുറെ കവിത കിനിഞ്ഞാലും ശരി.

Friday, January 18, 2008

മാറ്റം

അരികിലൂടൊഴുകിയ പുഴയെ നോക്കി
മരം ചിരിച്ചതാണ് തുടക്കം
തന്റെ തളിരുകള്‍ നല്‍കിയ മരത്തിന്
പുഴ നുരയും കുളിരും പകരം നല്‍കി
ഋതുഭേദങ്ങളിലൂടെ സൌഹൃദം വളര്‍ന്നു
വര്‍ഷകാലത്ത് പുഴ കാതരയായി കലങ്ങിയൊഴുകി
ശിശിരങ്ങളില്‍ മരം ഇല പൊഴിച്ചു നിന്നു

പിന്നീടെപ്പൊഴോ മരം തന്റെ പ്രാരബ്ധങ്ങളുടെ
കഥകള്‍ പുഴയോടു പറഞ്ഞു

പുഴ വഴി മാറി ഒഴുകുവാന്‍ തുടങ്ങി


Friday, January 4, 2008

മടുപ്പ്

ഞാന്‍ നീ വായിച്ചു തീര്‍ത്ത ഒരു പുസ്തകം
നീ ഞാന്‍ മടക്കിവച്ച മറ്റൊരു പുസ്തകം
പരിചയത്തിന്റെ മുഖക്കുറിപ്പില്‍ നിന്ന്
വെറുപ്പിന്റെ പുറംചട്ട വരെ
നമ്മുടെ ജീവിതം
കാലഹരണപ്പെട്ട
ഒരു സാഹിത്യസിദ്ധാന്തം